മുഹമ്മദ് നിഷാമിനെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടത് ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥനാണെന്ന് പത്തനംതിട്ട എസ്.പി

SP Jacob job

പത്തനംതിട്ട : ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിനെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടത് ഐജി തലത്തിലുള്ള ഉദ്യോഗസ്ഥനാണെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ്. യൂണിവേഴ്‌സിറ്റി ഡി ബാര്‍ ചെയ്ത ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തനിക്കെതിരെ ചട്ടവിരുദ്ധമായ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ജേക്കബ് ജോബ് പറഞ്ഞു.

നിഷാമിന് അവിഹിത സൗകര്യങ്ങള്‍ നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാതെ അതേപ്പറ്റി അന്വേഷിച്ച തന്നെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചു. സര്‍വീസ് കാലത്ത് ഏറ്റവും തന്റേടത്തോടെയും നെറിയോടെയും ചെയ്ത കാര്യം നിഷാമിന്റെ അറസ്റ്റാണ്. അതിനു തിക്താനുഭവം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. പക്ഷേ, ആരും കൂടെയുണ്ടാവില്ലെന്നു കരുതിയില്ലെന്നും ജേക്കബ് ജോബ് പറഞ്ഞു.

ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിഷാമിനെ അറസ്റ്റ് ചെയ്തപ്പോള്‍ മുതല്‍ തനിക്കെതിരെ പൊലീസ് സേനയില്‍ നീക്കം ആരംഭിച്ചു. നിഷാമിന്റെ ആനുകൂല്യം പറ്റാത്തവരായി ആരും തന്നെ തൃശൂരില്‍ ഉണ്ടായിരുന്നില്ല. നൈറ്റ് പെട്രോളിങ് ഉദ്യോഗസ്ഥനെ അയച്ച് താന്‍ നിഷാമിനെ അറസ്റ്റ് ചെയ്തിരുന്നില്ലെങ്കില്‍ അന്ന് അയാള്‍ ദുബായിലേക്ക് രക്ഷപ്പെട്ടേനെ. അറസ്റ്റിന് ശേഷം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ചു. സഹായിക്കാന്‍ സാധിച്ചില്ലെങ്കില്‍ ലീവെടുത്ത് പോയിക്കൊള്ളാനായിരുന്നു നിര്‍ദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

നിഷാമിനെ തന്റെ ഓഫീസ് മുറിയില്‍ 20 മിനിട്ട് ചോദ്യം ചെയ്തതിന്റെ പേരിലാണ് തനിക്കെതിരെ നടപടി ഉണ്ടായത്. ഇതിന്റെ പേരില്‍ മൂന്ന് വര്‍ഷം സംശയ നിഴലില്‍ കഴിയേണ്ടിവന്നു. നിഷാമിനെതിരെ കാപ്പ ചുമത്താനുള്ള തന്റെ നീക്കം തടയാന്‍ പലയിടങ്ങളിലും ഇടപെടല്‍ ഉണ്ടായി. നിഷാമുമായി 16 മണിക്കൂര്‍ അപ്രത്യക്ഷമാവുകയും ഫോണ്‍ അടക്കമുള്ള സൌകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായില്ല.

നിഷാമുമായി ഒരു അവിഹിത ബന്ധവും എനിക്കില്ല. അയാളെ ആദ്യം കാണുന്നത് അറസ്റ്റ് ചെയ്തപ്പോഴാണ്. പിന്നെ രണ്ടു തവണ കണ്ടു. നിഷാമിനു ജാമ്യം കിട്ടുമെന്ന സ്ഥിതിയുണ്ടായിരുന്നു. കാപ്പ ചുമത്തിയതുകൊണ്ടാണ് ജാമ്യം നിഷേധിച്ചത്.

അന്വേഷണ ഘട്ടത്തില്‍ സുപ്രധാന തെളിവുകള്‍ പലതും നശിപ്പിക്കപ്പെട്ടു. ഈ കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. വിരമിച്ച ശേഷം അനുഭവങ്ങള്‍ വിവരിച്ച് പുസ്തകം എഴുതുമെന്നും ജേക്കബ് ജോബ് പറഞ്ഞു. ഈ മാസം 31നാണ് ജേക്കബ് ജോബ് വിരമിക്കുന്നത്.

Top