sp sukesan ; crime branch clean chitt

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ എസ്.പി ആര്‍.സുകേശന്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥനായ പി.എന്‍.ഉണ്ണിരാജന്‍ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ് ആനന്ദ കൃഷ്ണന് കൈമാറി.

മാണിയെയും മൂന്ന് മന്ത്രിമാരെയും കുടുക്കാന്‍ ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശുമായി ചേര്‍ന്ന് എസ്.പി ആര്‍. സുകേശന്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നതായി വിജിലന്‍സ് ഡയറക്ടറായിരുന്ന ആര്‍. ശങ്കര്‍ റെഡ്ഡിയാണ് മുന്‍ യു.ഡി.എഫ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.

ബിജുരമേശ് തെളിവായി കോടതിയില്‍ സമര്‍പ്പിച്ച സി.ഡിയിലാണ് സുകേശനെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശങ്ങളുള്ളത്. 2014 ഡിസംബര്‍ 31ന് എറണാകുളത്ത് ചേര്‍ന്ന അസോസിയേഷന്‍ കോര്‍കമ്മിറ്റി യോഗത്തില്‍ ബിജുരമേശ് മറ്റ് അംഗങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളാണ് ബിജു രമേശ് തെളിവായി കോടതിയില്‍ നല്‍കിയത്.

ബാര്‍ കോഴക്കേസില്‍ നാല് മന്ത്രിമാരുടെ പേരു പറയാന്‍ സുകേശന്‍ പ്രേരിപ്പിച്ചതായും കുറ്റപത്രം നല്‍കാമെന്ന് ഉറപ്പു നല്‍കിയതായും ബിജു രമേശ് സി.ഡിയില്‍ പറയുന്നുണ്ട്. എന്നാലിത് തെളിയിക്കാനുള്ള രേഖകള്‍ ഒന്നും തന്നെയില്ല.

മാത്രമല്ല എഡിറ്റ് ചെയ്ച സി.ഡിയാണ് ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ചത്. ബിജു രമേശും സുകേശനും പല തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

കേസിലെ പരാതിക്കാരനും അന്വേഷണ ഉദ്യോഗസ്ഥനും തമ്മില്‍ പലപ്പോഴും സംസാരിക്കേണ്ടതായി വരും. ഇതില്‍ തെറ്റു പറയാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

Top