ലക്‌നൗ : ഉത്തര്‍പ്രദേശ് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ ഉലച്ച എസ്പി-ബിഎസ്പി സഖ്യം, വരാനിരിക്കുന്ന കൌണ്‍സില്‍ തിരഞ്ഞെടുപ്പിലും തുടരാന്‍ തീരുമാനം. ഈ മാസം 26ന് 13 ഒഴിവുകളിലേക്കായി നടക്കുന്ന ലെജിസ്ലേറ്റീവ് കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്നാണ് അഖിലേഷ് യാദവിന്റെ പ്രഖ്യാപനം. ഇതിനുപുറമെ വരാനിരിക്കുന്ന കൈരാന ഉപതെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും തമ്മില്‍ സഹകരിച്ചേക്കും.
ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി പിന്തുണയോടെയാണ് എസ്പി സ്ഥാനാര്‍ഥികള്‍ ബിജെപിയെ തോല്‍പിച്ചത്.
ലെജിസ്ലേറ്റീവ് കൌണ്‍സിലില്‍ നിലവില്‍ ഭൂരിപക്ഷം എസ്പിക്കാണ്. 100 അംഗ കൌണ്‍സിലില്‍ എസ്പിക്ക് 61ഉം ബിഎസ്പിക്ക് 9ഉം അംഗങ്ങളാണുള്ളത്. സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് 13 അംഗങ്ങള്‍ മാത്രമാണ് കൌണ്‍സിലിലുള്ളത്.
ബിഎസ്പിയുമായി സഖ്യമുണ്ടാക്കുന്ന അഖിലേഷിന്റെ തന്ത്രത്തെ പ്രശംസിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ മുലായംസിങ് യാദവും രംഗത്തെത്തിയിരുന്നു.