‘ ഞങ്ങളും യതീഷ് ചന്ദ്രയ്ക്ക് പുരസ്‌കാരം നല്‍കുന്നുണ്ട്’ ഭീഷണിയുമായി എ.എന്‍. രാധാകൃഷ്ണന്‍

കൊച്ചി: ശബരിമല സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പി. യതീഷ് ചന്ദ്രക്ക് ഭീഷണിയുമായി ബി.ജെ.പി. ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ രംഗത്ത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പോലുള്ള പുരസ്‌കാരം ഞങ്ങള്‍ യതീഷ് ചന്ദ്രയ്ക്ക് നല്‍കും, അത് എന്തെന്ന് പിന്നീട് വ്യക്തമാക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട നടപടിക്ക് മുഖ്യമന്ത്രി യതീഷ് ചന്ദ്രയ്ക്ക് താമ്രപത്രം നല്‍കി. മാത്രമല്ല ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത എല്ലാവര്‍ക്കും മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ക്യാഷ് അവാര്‍ഡും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ക്രമസമാധാനം തകര്‍ന്നാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. ശബരിമല വിഷയത്തില്‍ ബി.ജെ.പി. സമരം ശക്തമാക്കുമെന്നും എ.എന്‍. രാധാകൃഷ്ണന്‍ വ്യക്തമാക്കി.

സുരേന്ദ്രന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ അപകടത്തെ ക്ഷണിച്ചു വരുത്തുകയാണ്. കേരളത്തിലെ ഡി.ജി.പി. പിണറായിയുടെ കളിപ്പാവയാകുകയാണ്. മുഖ്യമന്ത്രിയെ കാണുമ്പോള്‍ തൊഴുത് നില്‍ക്കുന്ന ഡി.ജി.പി. കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top