ഇങ്ങനെയുമാവാം ശിക്ഷ; ലോക്ഡൗണ്‍ ലംഘിച്ചവരെ കൊണ്ട് ഏത്തമിടീച്ച് യതീഷ്ചന്ദ്ര

കണ്ണൂര്‍: കൊവിഡ് വ്യാപനം തടുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ 21 ദിവസത്തെ ലോക് ഡൗണിലാണ്. അവശ്യ സാധനങ്ങള്‍ക്കൊഴികെ മറ്റൊന്നിനും പൊതുജനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ ഇപ്പോള്‍ സാധ്യമല്ല. എന്നാല്‍ ഈ അടച്ച് പൂട്ടലും, നിയന്ത്രണങ്ങളുമെല്ലാം തനിക്കും തന്റെ കുടുംബത്തിനുമാണെന്ന ബോധം നമ്മുടെ ജനതയ്ക്കില്ലാതെ പോയി. അതു കൊണ്ടാണല്ലോ എത്രയൊക്കെ ഉപദേശിച്ചാലും ചങ്കരന്‍ പിന്നേ തെങ്ങില്‍ എന്ന് പറഞ്ഞ പോലെ വീണ്ടും പൊലീസുകാര്‍ക്ക് പണിഉണ്ടാക്കാനായി ഇവരെല്ലാം നിരത്തിലിറങ്ങുന്നത്.

ലോക്ഡൗണ്‍ ലംഘിച്ചതിന് ആദ്യ ദിവസം മാത്രം 402 കേസാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. മഹാമാരിയിലും മലയാളിയുടെ അനുസരണക്കേട് വ്യക്തമാക്കുന്ന കണക്കുകളാണിത്.ആദ്യ ദിവസങ്ങളില്‍ ഉപദേശമായിരുന്ന പൊലീസിന്റെ മാര്‍ഗ്ഗം എങ്കില്‍ പിന്നീട് അത് കടുത്ത നടപടികളിലേയ്ക്ക് കടന്നു.

ഇപ്പോഴിതാ ലോക്ഡൗണ്‍ ലംഘിച്ചു റോഡിലിറങ്ങി കൂട്ടം കൂടിയവരെ ഏത്തമിടീച്ച്
വ്യത്യസ്തമായ ശിക്ഷ നടപ്പാക്കിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര.

കണ്ണൂര്‍ അഴിക്കക്കലില്‍ തുറന്നിരുന്ന കടയ്ക്കു മുന്‍പില്‍ കൂട്ടംകൂടി നിന്നവരെയാണ് എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഏത്തമിടീച്ചത്.

വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തില്‍ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെകൊണ്ട് എസ് പിയുടെ ഏത്തമിടീക്കല്‍.

പ്രധാനമന്ത്രി പറഞ്ഞിട്ടും മുഖ്യമന്ത്രി പറഞ്ഞിട്ടും അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ ശിക്ഷ അനുഭവിച്ചേ പറ്റൂവെന്നും പൊലീസിനു വേറെ പണിയുണ്ടെന്നും പറഞ്ഞായിരുന്നു എസ്പിയുടെ നടപടി. ഇതിനു പുറമേ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കില്ല, വീട്ടില്‍ തന്നെ ഇരിക്കുമെന്ന് ഇവരില്‍ നിന്ന് എസ് പി ഉറപ്പു വാങ്ങുകയും ചെയ്തു.

ജനങ്ങള്‍ ലോക്ഡൗണ്‍ ലംഘിച്ചാല്‍ പൊലീസിന് മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ശിക്ഷ നല്‍കിയതെന്നും കുട്ടികള്‍ തെറ്റു ചെയ്താല്‍ അധ്യാപകര്‍ ശിക്ഷ നല്‍കുന്നതുപോലെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

Top