സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യത്തിനു നേതൃത്വം നൽകുന്നത് ഇന്ത്യൻ വംശജൻ

കേപ് കനാവെറൽ (യുഎസ്): സ്പേസ് എക്സിന്റെ നാസയ്ക്കു വേണ്ടിയുള്ള പുതിയ ബഹിരാകാശ ദൗത്യത്തിനു നേതൃത്വം നൽകുന്നത് ഇന്ത്യൻ വംശജൻ. തെലങ്കാനയിൽ കുടുംബവേരുകളുള്ള യുഎസ് എയർഫോഴ്സ് പൈലറ്റായ രാജ ചാരി (44) നയിക്കുന്ന നാലംഗസംഘമാണു പുറപ്പെട്ടത്. ക്രൂ ഡ്രാഗൺ പേടകവുമായി ബുധനാഴ്ച രാത്രിയാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്. യുദ്ധവിമാനങ്ങളിൽ വൈദഗ്ധ്യമുള്ളയാളാണ് രാജ ചാരി. കയ്‌ല ബറോൺ (34), ടോം മർഷ്ബേൺ (61), മത്യാസ് മോറെർ (51) എന്നിവരാണു ‘ക്രൂ 3’യിലെ സഹയാത്രികർ.

22 മണിക്കൂർ നീണ്ട യാത്രയ്ക്കു ശേഷമാണ് ഇവർ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്നത്. 6 മാസം ഇവിടെ ചെലവിടും. ഈ ദൗത്യത്തിലൂടെ 60 വർഷത്തിനിടെ ബഹിരാകാശത്ത് എത്തുന്നവരുടെ എണ്ണം 600 ആയി. 18 മാസത്തിനിടെ സ്പേസ് എക്സ് 18 പേരെയാണ് ബഹിരാകാശത്ത് എത്തിച്ചത്.

Top