ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി സ്പേസ് എക്സ് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന സ്റ്റാർഷിപ്പ് ബഹിരാകാശ റോക്കറ്റിന്റെ പരീക്ഷണം ഭാഗിക വിജയം. 10 കിലോ മീറ്റർ ഉയരത്തിൽ നിന്നു ഭൂമിയിൽ തിരികെയിറക്കാനുള്ള പരീക്ഷണമാണ് നടത്തിയത്. റോക്കറ്റ് തിരികെ ഇറക്കിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിയുണ്ടായി.
സ്റ്റാർഷിപ്പിന്റെ എസ്എൻ 10 പ്രോട്ടോ ടൈപ്പ് പരീക്ഷണമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതിന് മുമ്പ് നടന്ന എസ്ൻ 8, എസ്എൻ 9 പ്രോട്ടോ ടൈപ്പുകളുടെ ലാന്റിങ് പരീക്ഷണം സമ്പൂർണ പരാജയമായിരുന്നു. താഴെയിറക്കാനുള്ള ശ്രമത്തിനിടെ താഴെ വീണ് രണ്ട് പേടകവും പൂർണമായും കത്തി നശിച്ചിരുന്നു. എന്നാൽ, ഇത്തവണ ലോഞ്ച് പാഡിൽ തിരികെ ഇറക്കുന്നതിൽ ഗവേഷകർ വിജയം കണ്ടു. താഴെ ഇറങ്ങിയ റോക്കറ്റിന് പൊടുന്നനെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.
ഇത്തവണ എന്താണ് സംഭവിച്ചത് എന്ന് സ്പേസ് എക്സ് വിശദമാക്കിയിട്ടില്ല. ‘ഒറ്റ കഷ്ണമായി സ്റ്റാർഷിപ്പ് 10 ലാന്റ് ചെയ്തു’ എന്നാണ് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തത്.