സ്‌പേസ് എക്‌സിന്റെ രണ്ടാമത്തെ ഡ്രാഗണ്‍ കാപ്‌സ്യൂള്‍ ബഹിരാകാശ നിലയത്തിലെത്തി

നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ച സ്‌പേസ് എക്‌സിന്റെ രണ്ടാമത്തെ ഡ്രാഗണ്‍ സപ്ലൈ കാപ്‌സ്യൂള്‍ തിങ്കളാഴ്ച ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടു. അപ്‌ഗ്രേഡ് ചെയ്ത ഡ്രാഗണ്‍ കാപ്‌സ്യൂള്‍ ആണ് ഇത്തവണ സ്‌പേസ് എക്‌സ് വിക്ഷേപിച്ചത്. കോവിഡ്-19 മരുന്ന് ഗവേഷണ പരീക്ഷണത്തിനായുള്ള സാമഗ്രികളുൾപ്പെടെ 2903 കിലോ ഗ്രാം ഭാരമുള്ള ചരക്കുകളാണ് ഇത്തവണ പേടകത്തില്‍ അയച്ചത്.

പേടകം ആദ്യമായി മനുഷ്യ സഹായമില്ലാതെ ഓട്ടോണമസ് ഡോക്കിങ് നടത്തുകയും ചെയ്തു. ക്രിസ്മസ്‌ ആഘോഷങ്ങള്‍ക്കായി റോസ്റ്റ് ചെയ്ത ടര്‍ക്കി, കോണ്‍ബ്രെഡ് ഡ്രെസിങ്, ക്രാന്‍ബെറി സോസ്, ഷോര്‍ട്ട് ബ്രെഡ് കുക്കീസ്, ഐസിങ് ട്യൂബ്‌സ് പോലുള്ള സാധനങ്ങള്‍ ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ക്കായി അയച്ചിട്ടുണ്ട്.

പഴയ ഡ്രാഗണ്‍ കാപ്‌സ്യൂള്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി 50 ശതമാനം അധികം ഭാരം വഹിക്കാന്‍ പുതിയ കാപ്‌സ്യൂളിന് ശേഷിയുണ്ട്. ആദ്യമായാണ് ബഹിരാകാശത്ത് വെച്ച് കോവിഡ്-19 പരീക്ഷണം നടത്തുന്നത്. മുമ്പ് നവംബര്‍ 15-ന് നടത്തിയ വിക്ഷേപണത്തില്‍ നാല് ബഹിരാകാശ സഞ്ചാരികളെ നിലയത്തില്‍ എത്തിച്ചിരുന്നു.

Top