SpaceX Makes History With Reused Rocket

ഫ്‌ളോറിഡ: ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പുതിയ മാനമേകാന്‍ പുനരുപയോഗിക്കാവുന്ന റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ച സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍9 റോക്കറ്റാണ് വീണ്ടും വിക്ഷേപിച്ച് ചരിത്രം കുറിച്ചത്.

ശൂന്യാകാശത്ത് 22,000 മൈലുകള്‍ സഞ്ചരിച്ച് ദൗത്യം പൂര്‍ത്തിയാക്കിയ റോക്കറ്റ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്രത്യേക ലാന്‍ഡിംഗ് പ്ലാറ്റ്‌ഫോമില്‍ തിരിച്ചെത്തി. രണ്ട് വ്യത്യസ്ത ദൗത്യങ്ങള്‍ക്കായി ഒരേ റോക്കറ്റ് വിജയകമായി ഉപയോഗിക്കുന്നത് ആദ്യമായാണ്.

2016 ഏപ്രിലില്‍ ഇതേ റോക്കറ്റ് ആദ്യ വിക്ഷേപണം നടത്തുകയും പിന്നീട് തിരിച്ചിറക്കുകയും ചെയ്തിരുന്നു. ഇത് ആറാം തവണയാണ് സ്‌പേസെക്‌സ് വിജയകരമായി റോക്കറ്റ് തിരിച്ചിറക്കുന്നത്.

യൂസ്ഡ് റോക്കറ്റിന്റെ ലോകത്തിലെ തന്നെ ആദ്യ ദൗത്യമാണിത്. ബഹിരാകാശ ഗവേഷണരംഗത്ത് വലിയ കുതിപ്പിന് കാരണമാകുന്ന അപൂര്‍വ നേട്ടമാണ് ഈ പരീക്ഷണ വിജയം. കോടികള്‍ ചെലവിട്ട് വിക്ഷേപിക്കുന്ന ഒരു റോക്കറ്റ് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നതിലൂടെ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് കുത്തനെ കുറയ്ക്കാനും സഹായിക്കും.

ശൂന്യാകാശ പര്യവേഷണങ്ങളുടെ ചരിത്രത്തിലെ അവിശ്വസനീയമായ നാഴികക്കല്ലാണ് ഇതെന്നും വലിയൊരു വിപ്ലവത്തിന് നാന്ദിയാണെന്നും സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു.

24 മണിക്കൂറിനുള്ളില്‍ ഒരേ റോക്കറ്റ് രണ്ടു തവണ ശൂന്യാകാശ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് തന്റെ അടുത്ത ദൗത്യമെന്ന് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് റോക്കറ്റ് കുതിച്ചുയരുന്നതിന്റെയും തിരിച്ച് അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്രത്യേക പ്ലാറ്റ്‌ഫോമില്‍ തിരിച്ചിറങ്ങുന്നതിന്റെയും വീഡിയോയും സ്‌പേസ് എക്‌സ് പുറത്തുവിട്ടിട്ടുണ്ട്.

Top