വാഷിംഗ്ടണ്‍: ‘ക്രൂ -1” എന്ന് വിളിക്കപ്പെടുന്ന ചരിത്രപരമായ നാസ-സ്പേസ് എക്സ് ദൗത്യം നാളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കും. നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ചരിത്ര ദൗത്യത്തിനായുള്ള വിക്ഷേപണം ആദ്യം വെള്ളിയാഴ്ചയായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ സ്‌പേയ്‌സ്‌ക്രാഫ്റ്റ് ഉപയോഗിച്ച് ബഹിരാകാശ യാത്രികരെ ഓര്‍ബിറ്റിലേക്ക് എത്തിക്കുന്ന നാസയുടെ ആദ്യത്തെ ഉദ്യമമാണ് ഇത്. വിക്ഷേപണത്തിനായി നാസയും സ്‌പേസ് എക്‌സും തയ്യാറായി കഴിഞ്ഞു.ഡ്രാഗണ്‍ പേടകം ഉപയോഗിച്ചുള്ള സ്‌പേയ്‌സ് എക്‌സിന്റെ ആദ്യ ദൗത്യം കൂടിയാണ് ഇത്.
ബഹിരാകാശയാത്രികരായ ഷാനന്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍, മൈക്ക് ഹോപ്കിന്‍സ്, ജപ്പാന്‍ എയ്റോ്സ്‌പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി (ജാക്‌സ) ബഹിരാകാശയാത്രികന്‍ സോചി നൊഗുചി എന്നിവരാണ് സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന്റെയും ഏജന്‍സിയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെയും ആദ്യ ദൗത്യത്തിനായി തയ്യാറായത്. മൈക്ക് ഹോപ്കിന്‍സ് എന്ന അമേരിക്കക്കാരനാണ് ദൗത്യത്തിലെ തലവന്‍. എട്ട് മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ നീളാവുന്നതാണ് യാത്രയെന്നാണ് റിപ്പോര്‍ട്ട്.