ഫ്‌ലോറിഡ: സ്‌പേസ് എക്‌സിന്റെ ബഹിരാകാശ ടൂറിസം പദ്ധതി ‘ഇന്‍സ്പിറേഷന്‍ 4’ന് തുടക്കം. ബഹിരാകാശ വിദഗ്ധര്‍ അല്ലാത്ത നാലുപേരെയും വഹിച്ച് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ബഹിരാകാശത്തേക്ക് കുതിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30 ഓടെയായിരുന്നു വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ കാപ്‌സ്യൂളിനെ ബഹിരാകാശത്ത് എത്തിച്ചത്.
വെര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സന്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ് എന്നിവര്‍ തുടക്കമിട്ട ബഹിരാകാശ ടൂറിസം പദ്ധതികളിലേക്ക് ഒരു ‘മാസ്’ എന്‍ട്രിയാണ് പുതിയ വിക്ഷേപണത്തിലൂടെ സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് നടത്തുന്നത്. വെറുതെ മിനുട്ടുകള്‍ എടുത്ത് ബഹിരാകാശം തൊട്ട് വരുക എന്നതല്ല ‘ഇന്‍സ്പിറേഷന്‍ 4’ സംഘത്തിന്റെ ലക്ഷ്യം മൂന്ന് ദിവസം ഇവര്‍ ഭൂമിയെ വലം വയ്ക്കും. മൂന്ന് ദിവസത്തിന് ശേഷം യാത്രികര്‍ സഞ്ചരിച്ച ഡ്രാഗണ്‍ ഫ്‌ലോറിഡ തീരത്തിനടുത്ത് അത്‌ലാറ്റിക്ക് സമുദ്രത്തില്‍ പതിക്കുമെന്നാണ് കരുതുന്നത്.
ഇന്റര്‍നെറ്റ് കൊമേഴ്‌സ് ( ഇകോം)കമ്പനിയുട ജാരദ് ഐസക്മാന്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഒരു ഭൗമശാസ്ത്രജ്ഞനും കാന്‍സര്‍ രോഗിയായിരുന്ന ആരോഗ്യപ്രവര്‍ത്തകയും എയറോസ്‌പേയ്‌സ് ഡേറ്റ എന്‍ജിനീയറുമാണ് ഉള്ളത്. 200മില്യണ്‍ ഡോളറാണ് യാത്രക്കായി വിനോദ സഞ്ചാരികള്‍ മുടക്കിയത്. ബഹിരാകാശ പരിശീലനമൊന്നും ലഭിക്കാത്തെ ആറുമാസം മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇപ്പോള്‍ ബഹിരാകാശത്തേക്ക് കുതിച്ച നാലുപേര്‍ എന്നതാണ് ഈ ദൗത്യത്തിന്റെ പ്രത്യേകത.