വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സാംബിയയെ സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

നിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ സ്‌പെയിന്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇന്ന് ഗ്രൂപ്പ് സിയിലെ അവരുടെ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ആണ് സാംബിയയെ സ്‌പെയിന്‍ തോല്പിച്ചത്. ബാഴ്‌സലോണ താരം ഹെര്‍മോസോയുടെ ഇരട്ട ഗോളുകള്‍ സ്‌പെയിനിന്റെ വിജയത്തില്‍ നിര്‍ണായകമായി. കഴിഞ്ഞ മത്സരത്തില്‍ സ്‌പെയിന്‍ കോസ്റ്റാറിക്കയെയും തോല്‍പ്പിച്ചിരുന്നു.

ഇന്ന് മത്സരം ആരംഭിച്ച് ആദ്യ 13 മിനുട്ടില്‍ തന്നെ സ്‌പെയിന്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ഒമ്ബതാം മിനുട്ടില്‍ അബിയേര ദുയെനസ് ആണ് സ്‌പെയിന് ലീഡ് നല്‍കിയത്. പിന്നാലെ 13ആം മിനുട്ടില്‍ ഹെര്‍മോസോയുടെ ഫിനിഷ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി 2-0ന് അവസാനിച്ചു.

രണ്ടാം പകുതിയില്‍ 69ആം മിനുട്ടില്‍ ലെവന്റെ താരം റെദൊന്തോ ഫെറര്‍ സ്‌പെയിന്റെ മൂന്നാം ഗോള്‍ നേടി. 73ആം മിനുട്ടില്‍ ഹെര്‍മോസോയുടെ രണ്ടാം ഗോള്‍ കൂടെ വന്നതോടെ സാംബിയ കളിയില്‍ നിന്ന് ദൂരെ ആയി. ഈ രണ്ട് ഗോളുകളോടെ ഹെര്‍മോസൊ സ്‌പെയിനിനായുള്ള തന്റെ ഗോള്‍ നേട്ടം 50 ആക്കി ഉയര്‍ത്തി. ഹെര്‍മോസോയുടെ നൂറാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ഇതിനു പിന്നാലെ 87ആം മിനുട്ടില്‍ വീണ്ടും ഫെറര്‍ വലയില്‍ പന്ത് എത്തിച്ചു. സ്‌കോര്‍ 5-0. ഈ വിജയത്തോടെ സ്‌പെയിനും ജപ്പാനും 6 പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരത്തില്‍ സ്‌പെയിനും ജപ്പാനും ഏറ്റുമുട്ടും.

Top