Spanish League – barsa

മഡ്രിഡ്: എല്‍ ക്ലാസിക്കോയില്‍ റയല്‍ മഡ്രിഡിനോടേറ്റ പരാജയത്തിന് പിന്നാലെ സ്പാനിഷ് ലീഗിലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ബാര്‍സിലോനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി.

മല്‍സരത്തില്‍ റയല്‍ സോസിദാദാണ് ബാര്‍സയെ അട്ടിമറിച്ചത്. മൈക്കല്‍ ഒയാര്‍സാബല്‍ അഞ്ചാം മിനിറ്റില്‍ നേടിയ ഏക ഗോളിന്റെ ബലത്തിലാണ് റയല്‍ സോസിദാദ് ചരിത്ര വിജയം കുറിച്ചത്.

ഇതോടെ റയല്‍ സോസിദാദിന്റെ മൈതാനത്ത് ഒരു വിജയത്തിനായുള്ള 2007 മുതലുള്ള ബാര്‍സയുടെ കാത്തിരിപ്പ് വീണ്ടും നീണ്ടു. 2014 നവംബറിന് ശേഷം രണ്ട് ലാലിഗ മല്‍സരങ്ങള്‍ ബാര്‍സ അടുപ്പിച്ച് തോല്‍ക്കുന്നതും നടാടെയാണ്.

ലീഗില്‍ കിരീടം ഏറെക്കുറെ ഉറപ്പിച്ച് മുന്നേറുകയായിരുന്ന ബാര്‍സയുടെ നില ഈ തോല്‍വിയോടെ അപകടത്തിലായി. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മഡ്രിഡുമായുള്ള അകലം മൂന്നു പോയിന്റായും മൂന്നാമതുള്ള റയല്‍ മഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം നാലായും കുറഞ്ഞതോടെയാണിത്.

ലീഗ് അവസാന ഘട്ടത്തിലേക്ക് കടന്ന ഈ സമയത്ത് ഇവരില്‍ ആര്‍ക്കു വേണമെങ്കിലും കിരീടം നേടാമെന്ന അവസ്ഥയാണ് ബാര്‍സയുടെ തോല്‍വിയോടെ സംജാതമായിരിക്കുന്നത്.

അഞ്ചാം മിനിറ്റില്‍ റയല്‍ സോസിദാദ് ഗോള്‍ നേടിയെന്നതൊഴിച്ചാല്‍ ഏറിയ പങ്കും മല്‍സരം നിയന്ത്രിച്ചത് ബാര്‍സയായിരുന്നു. എന്നാല്‍, സസ്‌പെന്‍ഷന്‍ മൂലം പുറത്തിരുന്ന സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയി സ്വാരസിന്റെ അഭാവത്തില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിക്കും നെയ്മറിനും ഗോള്‍ കണ്ടെത്താനാകാതെ പോയതാണ് ബാര്‍സയ്ക്ക് തുടര്‍ പരാജയം സമ്മാനിച്ചത്.

ഇന്നും ഗോള്‍ നേടാനാവാതെ പോയതോടെ കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലായി തുടരുന്ന ബാര്‍സയ്ക്കായി തന്റെ 500-ാം ഗോള്‍ നേടാനുള്ള മെസ്സിയുടെ കാത്തിരിപ്പ് ഇനിയും നീളുമെന്നുറപ്പായി.

Top