സ്പാനിഷ് ലീഗ്; മെസിയും സുവാരസും നിറഞ്ഞാടി, വെസ്‌ക്കയെ നിലംപരിശാക്കി ബാഴ്‌സ (2-8)

നൗകാമ്പ്: സൂപ്പര്‍താരം ലയണല്‍ മെസി ഫോമില്‍ എത്തിയപ്പോള്‍ സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്‌ലോണ. നവാഗതരായ വെസ്‌ക്കയെ രണ്ടിനെതിരെ എട്ട് ഗോളിന് ബാഴ്‌സ തറപറ്റിച്ചു.

മെസി രണ്ട് ഗോളടിക്കുകയും, രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. ലൂയിസ് സുവാരസും രണ്ട് ഗോളടിച്ചു. അവസാനനിമിഷം ഹാട്രിക്കിന് അവസരം കിട്ടിയെങ്കിലും മെസി പെനല്‍റ്റി സുവാരസിന് നല്‍കുകയായിരുന്നു.

സ്പാനിഷ് ലീഗില്‍ 151 തവണ ഗോളിന് അവസരമൊരുക്കി മെസി റെക്കോഡിടുകയും ചെയ്തു. മെസിക്കും സുവാരസിനും പുറമെ ഉസ്മാന്‍ ഡെംബെലെ, ഇവാന്‍ റാകിടിച്ച്, ജോര്‍ഡി ആല്‍ബ എന്നിവരും ബാഴ്‌സ നിരയില്‍ ഗോളടിച്ചു.

ബാഴ്‌സയ്‌ക്കെതിരെ തകര്‍പ്പന്‍ തുടക്കമായിരുന്നു വെസ്‌ക്കയുടേത്. കളി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ബാഴ്‌സയുടെ വലയില്‍ വെസ്‌ക പന്തിട്ടു. പത്തൊമ്പതുകാരന്‍ കൗച്ചോ ഹെര്‍ണാണ്ടസാണ് ഗോള്‍ നേടിയത്. തുടര്‍ന്നായിരുന്നു മെസിയുടെ മിന്നുന്ന പ്രകടനം.

സമനില ഗോള്‍ മെസി തൊടുത്തു. പിന്നാലെ ജോര്‍ഡി ആല്‍ബയുടെ ക്രോസ് തടയുന്നതിനിടെ വെസ്‌ക താരം ജോര്‍ജി പുലിഡോ സ്വന്തം വലയിലേക്ക് പന്തിട്ടു. സുവാരസിന്റെ ഗോളിനും ആല്‍ബ അവസരമൊരുക്കി. വീഡിയോ സഹായ സംവിധാനം (വാര്‍) ഉപയോഗിച്ചാണ് ഗോള്‍ തീര്‍ച്ചപ്പെടുത്തിയത്. അലെക്‌സ് ഗള്ളാറിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും വെസ്‌കയ്ക്ക് രക്ഷയുണ്ടായില്ല.

ഇടവേളയ്ക്കുശേഷം ഡെംബെലെ ബാഴ്‌സയുടെ ലീഡ് വര്‍ധിപ്പിച്ചു. സുവാരസാണ് അവസരമൊരുക്കിയത്. മെസിയുടെ പാസില്‍ റാകിടിച്ചും ഗോളടിച്ചു. പിന്നാലെ മെസിയും ലക്ഷ്യം കണ്ടു. ഇതിനിടെ മെസിയുടെ തകര്‍പ്പനടി ബാറില്‍ തട്ടിത്തെറിച്ചു. പരിക്കുസമയത്താണ് ബാഴ്‌സയ്ക്ക് അനുകൂലമായി പെനല്‍റ്റി കിട്ടിയത്. മെസി സുവാരസിന് അവസരം നല്‍കി.

മൂന്ന് കളിയില്‍ 10 ഗോളടിച്ച ബാഴ്‌സയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. എട്ട് ഗോളടിച്ച റയല്‍ മാഡ്രിഡ് ഒപ്പമുണ്ട്. അത്‌ലറ്റികോ മാഡ്രിഡിന് പുതിയ സീസണില്‍ നാല് പോയിന്റ് മാത്രമാണ്.

Top