കോസ്റ്റാറിക്കക്ക് സ്‌പാനിഷ് ‘സെവൻ അപ്പ്’ ; സമ്പൂര്‍ണ വിജയം

ദോഹ: ലോകകപ്പില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ സമ്പൂര്‍ണ വിജയവുമായി സ്‌പെയിന്‍. എതിരില്ലാത്ത ഏഴ് ഗോളിനാണ് മുന്‍ ചാമ്പ്യന്‍മാര്‍ കോസ്റ്റാറിക്കയെ തകര്‍ത്തത്. ഒന്നിനൊന്നു മികച്ച പാസുകളുമായി മധ്യനിരയും പെർഫെക്റ്റ് ഫിനിഷിംഗുമായി സ്ട്രൈക്കര്‍മാരും കളം നിറഞ്ഞ് കളിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് സ്‌പാനിഷ് ടീം ഒരു മത്സരത്തില്‍ ഏഴ് ഗോളുകള്‍ നേടുന്നത്.

ടിക്കിടാക്കയെ ഓര്‍മ്മിപ്പിച്ച പാസുകളുടെ അയ്യരുകളിയായിരുന്നു തുമാമ സ്റ്റേഡിയത്തില്‍. ആദ്യപകുതിയില്‍ തന്നെ 573 പാസുകളുമായി സ്പാനിഷ് താരങ്ങള്‍ കളംനിറഞ്ഞപ്പോള്‍ മൂന്ന് ഗോളുകള്‍ 31 മിനുറ്റിനിടെ കോസ്റ്റാറിക്കയുടെ വലയിലെത്തി. മൂന്നും നേടിയത് മുന്നേറ്റനിര താരങ്ങള്‍. 11-ാം മിനുറ്റില്‍ ഡാനി ഓല്‍മോയും 21-ാം മിനുറ്റില്‍ മാര്‍ക്കോ അസന്‍സിയോയും വലകുലുക്കി. 31-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഫെരാന്‍ ടോറസും കോസ്റ്റാറിക്കയുടെ വിഖ്യാത ഗോളി കെയ്‌ലര്‍ നവാസിനെ കബളിപ്പിച്ചു. ഒരൊറ്റ ഷോട്ട് പോലും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഉതിര്‍ക്കാന്‍ 45 മിനുറ്റുകള്‍ക്കിടെ കോസ്റ്റാറിക്കയ്ക്കായില്ല.

രണ്ടാംപകുതിയിലും കളിയുടെ പൂര്‍ണ നിയന്ത്രണം സ്‌പെയിന് തന്നെയായിരുന്നു. 54-ാം മിനുറ്റില്‍ സുന്ദര ഫിനിഷിലൂടെ ടോറസ് ലീഡ് നാലാക്കി ഉയര്‍ത്തി. 74-ാം മിനുറ്റില്‍ ഗാവിയും 90-ാം മിനുറ്റില്‍ കാര്‍ലോസ് സോളറും ഇഞ്ചുറിടൈമില്‍ മൊറാട്ടയും പട്ടിക പൂര്‍ത്തിയാക്കി. 90 മിനുറ്റ് പൂര്‍ത്തിയായപ്പോഴും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും കോസ്റ്റാറിക്കന്‍ താരങ്ങളുടെ കാലുകളില്‍ നിന്ന് കുതിച്ചില്ല.

Top