എസ്പിബിക്ക് വിട; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

ചെന്നൈ: ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം സംസ്‌കാരിച്ചു . ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകള്‍ നടന്നത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാമേഖലയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും നൂറുകണക്കിന് ആരാധകരുമാണ് റെഡ് ഹില്‍സില്‍ എത്തിയത്.

കോവിഡ് പശ്ചാത്തലത്തില്‍ പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍, സംവിധായകരായ ഭാരതിരാജ, അമീര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. ഇന്നലെ കോടമ്പാക്കത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനായിരുന്നു ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ നാലിന് അദ്ദേഹം കോവിഡ് മുക്തനായെങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍, എക്‌മോ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വ്യാഴാഴ്ചയോടെ ആരോഗ്യനില വഷളായി.

Top