ഭരണപക്ഷം മിണ്ടാതിരിക്കണം, മര്യാദ കാണിക്കണം; പൊട്ടിത്തെറിച്ച് സ്പീക്കര്‍

തിരുവനന്തപുരം: മിണ്ടാതിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും ഭരണപക്ഷ എംഎൽഎമാരോട് കയർത്ത് സ്പീക്കർ എഎൻ ഷംസീർ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസാരിക്കുമ്പോൾ ഭരണപക്ഷ എംഎഎൽമാർ ബഹളം വെച്ചപ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം. മുഖ്യമന്ത്രി സംസാരിച്ചപ്പോൾ പ്രതിപക്ഷം മിണ്ടാതിരുന്നുവെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു.

ആ മര്യാദ നിങ്ങളും കാണിക്കണമെന്ന് ഭരണപക്ഷ എംഎൽഎമാരോട് സ്പീക്കർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ കറുത്ത വസ്ത്രം ധരിച്ചവരെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് വിഡി സതീശൻ സംസാരിക്കുമ്പോഴായിരുന്നു ഭരണപക്ഷ എംഎൽഎമാരുടെ പ്രതിഷേധം. ഉറങ്ങിക്കിടന്ന യൂത്ത് കോൺഗ്രസ് നേതാവിനെപ്പോലും കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബഹളം ഉണ്ടാക്കിയിട്ടൊന്നും ഒരു കാര്യവുമില്ലെന്നും പറയാനുള്ളതെല്ലാം പറഞ്ഞിട്ടേ പോകൂവെന്ന് വിഡി സതീശൻ പറഞ്ഞു. ഷൗട്ടിങ്ങ് ബ്രിഗേഡിനെ ഇറക്കിയിട്ടൊന്നും ഒരു കാര്യവുമില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കേരളത്തിലെ പ്രതിപക്ഷത്തെ ഭരണപക്ഷത്തിന് ഭയമാണ്. ഷൗട്ടിങ്ങ് ബ്രിഗേഡിനെ ഉണ്ടാക്കി പ്രതിപക്ഷത്തെ ആക്രമിക്കുകയാണ്. പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ പോലും അനുവാദമില്ലെങ്കിൽ തങ്ങൾ ഇവിടെ ഇരിക്കുന്നതെന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു. ബഹളം തുടർന്നതോടെ സ്പീക്കർ നിയമസഭ തൽക്കാലത്തേയ്ക്ക് നിർത്തിവച്ചു.

Top