തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന്റെ നിലപാടുതന്നെയാണ് ബിജെപിയുടേത് എന്ന് കുമ്മനം രാജശേഖരന്‍. സ്പീക്കര്‍ പദവി കക്ഷി രാഷ്ട്രീയത്തിന് അതീതമായതുകൊണ്ടാണ് ശ്രീ രാമക്ൃഷണന് വോട്ട് ചെയ്തത്.
യുഡിഎഫില്‍ നിന്നും വോട്ട് മറിച്ചത് ഉമ്മന്‍ ചാണ്ടിയോ മറ്റാരെങ്കിലും ആണോ എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
സ്പീക്കര്‍തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാലിനോട് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ലെന്ന് ബിജെപി വക്താവ് ജെ ആര്‍ പദ്മകുമാര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. രാജഗോപാല്‍ മനസാക്ഷിയ്ക്ക് അനുസൃതമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയതെന്നും ഇതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ലെന്നും ജെ ആര്‍ പദ്മകുമാര്‍ പറഞ്ഞു.
ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പി ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് രാഷ്ട്രീയ മാനം കൈവന്ന സാഹചര്യത്തിലായിരുന്നു ബിജെപിയുടെ വിശദീകരണം.
രാജഗോപാലിന്റെ വോട്ടോടെ യുഡിഎഫ് ഉന്നയിച്ച വാദങ്ങള്‍ ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. സഭയില്‍ ബിജെപിയുടെ സഹകരണം കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് പറഞ്ഞ ചെന്നിത്തല പിസി ജോര്‍ജിന്റെ വോട്ടും യുഡിഎഫിന് ആവശ്യമില്ലെന്ന് വ്യക്തമാക്കി. യുഡിഎഫിന്റെ വോട്ട് ചോര്‍ന്നത് അശ്രദ്ധ മൂലമാകാമെന്നും ആദ്യമായി വോട്ടു ചെയ്തതിന്റെ പരിചയകുറവാണെന്നും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.
ശ്രീരാമകൃഷ്ണന്‍ എന്ന നല്ല പേരുള്ളയാള്‍ക്കാണ് തന്റെ വോട്ടെന്നും സൗമ്യനും ചെറുപ്പക്കാരനുമായ അദ്ദേഹത്തിന് വോട്ടു ചെയ്തതില്‍ പൂര്‍ണ്ണ സംതൃപ്തനാണെന്നും രാജഗോപാല്‍ പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ഒ രാജഗോപാല്‍ വ്യക്തമാക്കി.
തന്റെ വോട്ട് വേണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ യുഡിഎഫിനു വേണ്ടി വോട്ടു ചെയ്യാന്‍ താന്‍ ഒരുക്കമായിരുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞു. രാഷ്ട്രീയ പാരമ്പര്യവും ചെറുപ്പക്കാരനുമായ ഒരാളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും രാജഗോപാല്‍ പറഞ്ഞു.
രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ശരി. എല്ലാ അഭിപ്രായങ്ങളെയും മാനിക്കുന്ന സമീപനമാണ് തനിക്കുള്ളത്. ആക്ടീവായ ആ യുവാവിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും രാജഗോപാല്‍ പറഞ്ഞു.