മുംബൈ: മഹാരാഷ്ട്ര നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആണ് സഭയിലെ ഇന്നത്തെ പ്രധാന അജണ്ട. ഉദ്ധവ് താക്കറെ വിഭാഗത്തിലെ രാജന്‍ സാല്‍വി സ്പീക്കര്‍ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
കോണ്‍ഗ്രസിലെ നാനാ പതോളിന്റെ രാജിയെത്തുടര്‍ന്ന് 2021 ഫെബ്രുവരി മുതല്‍ സ്പീക്കര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. രാജന്‍ സാല്‍വിക്ക് ശിവസേനയുടെയും എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയുണ്ട്. രാഹുല്‍ നാര്വികറാണ് ബിജെപിക്കായി സ്പീക്കര്‍ പോരിന് ഇറങ്ങുന്നത്.
ബിജെപിയുടെയും വിമത ശിവസേനാ എംഎല്‍എമാരുടെയും പിന്തുണയുള്ള രാഹുലിനാണ് വിജയസാധ്യത. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അടക്കം വിമത എംഎല്‍എമാര്‍ക്ക് അയോഗ്യതാ ഭീഷണിയുള്ളതിനാല്‍ കോടതി ഇടപെടലില്‍ പ്രതീക്ഷ വെച്ചാണ് രാജന്‍ സാല്‍വിയും പോരാട്ടത്തിനിറങ്ങുന്നത്. ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎല്‍എമാര്‍ മുംബൈയില്‍ തിരിച്ചെത്തി. ഗോവയില്‍ നിന്ന് വിമാനമാര്‍ഗ്ഗമാണ് എംഎല്‍എമാര്‍ രാത്രിയോടെ മുംബൈയിലെത്തിയത്.