പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഒരു തരത്തിലും ഹനിച്ചിട്ടില്ലെന്ന് സ്പീക്കര്‍

sreeramakrishnan

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഒരു തരത്തിലും ഹനിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമെ അംഗീകരിക്കാനാകുവെന്നും ഏതെങ്കിലും ഒരു വിഷയം സഭയില്‍ ഉന്നയിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും ശബരിമല പ്രശ്‌നം തുടര്‍ച്ചയായി പരിഗണിക്കാനാകില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചോദ്യോത്തരവേള തടസപ്പെടുത്തിയത് ശരിയായില്ല. ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം എംഎല്‍എമാര്‍ക്കും ഉണ്ട്. ശബരിമല വിഷയം സമഗ്രമായി നിയമസഭ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് തനിക്ക് ബോധ്യമുള്ളതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ഇന്നും ബഹളം തുടര്‍ന്നതോടെ സഭാനടപടികള്‍ 25 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി പിരിയുകയായിരുന്നു. അടിയന്തര പ്രമേയം ഉടന്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.

Top