വെല്ലുവിളിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ, മറുപടി ജനകീയമായി തന്നെ നൽകും !

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ ഏറെ അസ്വസ്ഥനാണ്. ഇതാകട്ടെ, അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തവുമാണ്. ഐശ്വര്യ കേരള യാത്ര പ്രഖ്യാപിച്ചപ്പോള്‍ മുഖ്യമന്ത്രി കസേരയായിരുന്നു ചെന്നിത്തല ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ജാഥ മലപ്പുറത്തേക്ക് എത്തിയപ്പോള്‍ ആ മോഹവും അദ്ദേഹം ഉപേക്ഷിച്ച മട്ടാണ്. ഇപ്പോള്‍ ഉള്ള പദവിയെങ്കിലും വീണ്ടും കിട്ടിയാല്‍ മതി എന്ന അവസ്ഥയിലാണ് ചെന്നിത്തലയുള്ളത്. സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലും അത്രമാത്രമാണ് ചെന്നിത്തല ഒറ്റപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് പ്രധാന തിരഞ്ഞെടുപ്പ് ചുമതല നല്‍കിയതു തന്നെ ഇതിനു തെളിവാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ ചെന്നിത്തലയുടെ പ്രവര്‍ത്തനവും ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

വി.എസ് ഇരുന്ന് ഭരണകൂടത്തെ വിറപ്പിച്ച കസേരയാണിത്. വി.എസിന്റേത് സിംഹ ഗര്‍ജ്ജനവും ലക്ഷ്യം തെറ്റാതെയുള്ള ആക്രമണവുമായിരുന്നെങ്കില്‍ ചെന്നിത്തലയുടേത് നേര്‍ വിപരീതമാണ്. ഏറ്റെടുത്ത ഒരു വിഷയത്തില്‍ പോലും വിജയം കാണാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയുള്ള കലാപരിപാടികളില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഏക ശ്രദ്ധ. പ്രായം തൊണ്ണൂറ് പിന്നിട്ടിട്ടും കാടും മലയും കയറി ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായ നേതാവാണ് വി.എസ് അച്ചുതാനന്ദന്‍. പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് തന്നെ അക്കാലത്ത് ഒരു ‘പവര്‍’ ഉണ്ടായിരുന്നു. സകല രാഷ്ട്രീയക്കാരെയും ആട്ടിയോടിച്ച് പൊബിള്ളൈ ഒരുമൈ എന്ന സംഘടന ആയിരങ്ങളെ അണിനിരത്തി മൂന്നാറിനെ സ്തംഭിപ്പിച്ചപ്പോള്‍ ആ സമരമുഖത്തേക്ക് സധൈര്യം കടന്നു ചെന്നത് വി.എസ് ആയിരുന്നു. ഇവിടെ, സ്ത്രീകള്‍ ഇരിപ്പിടം ഒരുക്കി സ്വീകരിച്ചതും അദ്ദേഹത്തെ മാത്രമാണ്.

കോതമംഗലത്ത് ആശുപത്രി കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി നഴ്സുമാര്‍ ആശങ്ക വിതച്ചപ്പോള്‍ അവരെ അനുനയിപ്പിച്ച് താഴെ ഇറക്കിയതും പ്രശ്ന പരിഹാരത്തിന് ഇടപ്പെട്ടതും ഇതേ വി.എസ്. തന്നെയാണ്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെകുടിവെള്ള പ്രശ്നം, മറയൂരിലെചന്ദനക്കൊള്ള, മൂന്നാറിലെ ഭൂമി കയ്യേറ്റം, സ്ത്രീ പീഡനങ്ങള്‍, അഴിമതി തുടങ്ങി അനവധി വിഷയങ്ങളില്‍ ഇടപെട്ട് നീതിക്കു വേണ്ടി പോരാടിയ നേതാവാണ് ഈ കമ്മ്യൂണിസ്റ്റ്. പ്രതിപക്ഷ നേതാവിന്റെ കസേരക്ക് വി.എസ് അഭിമാനമാണെങ്കില്‍ അപമാനമായിരിക്കുന്നത് ചെന്നിത്തലയാണ്. മാധ്യമങ്ങളില്‍ തന്റെ പ്രതികരണം വന്നാല്‍ എല്ലാം തികഞ്ഞു എന്നാണ് ചെന്നിത്തല വിശ്വസിക്കുന്നത്. അതിനായി എന്തും വിളിച്ചു പറയാന്‍ ഒരു മടിയും അദ്ദേഹത്തിനില്ല.

സ്വര്‍ണ്ണക്കടത്തും ഈത്തപ്പഴക്കടത്തും ചീറ്റിപ്പോയപ്പോള്‍ ഇപ്പോള്‍ ഡോളര്‍ കടത്തിന്റെ പിന്നാലെയാണ് ചെന്നിത്തല കൂടിയിരിക്കുന്നത്. അതാകട്ടെ സ്വര്‍ണ്ണക്കടത്തു കേസിലെ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നതും നാം ഓര്‍ക്കണം. ഇങ്ങനെ, ഒരു പ്രതി പറയുന്നത് മാത്രം മുഖവിലക്കെടുക്കുകയാണെങ്കില്‍ ആദ്യം അഴി എണ്ണേണ്ടി വരിക രമേശ് ചെന്നിത്തല തന്നെയായിരിക്കും. അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് നടന്ന പൊലീസ് നിയമന തട്ടിപ്പു കേസില്‍ ശരണ്യ എന്ന യുവതി, ചെന്നിത്തലയ്ക്കും അദ്ദേഹത്തിന്റെ സ്റ്റാഫിനും എതിരെയാണ് മൊഴി നല്‍കിയിരുന്നത്. ഇക്കാര്യം ആരു മറന്നാലും ചെന്നിത്തല മറക്കരുത്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ തന്നെയാണ് ഈ മൊഴിയും കൊടുക്കപ്പെട്ടത് എന്നതും ശരിക്കും ഓര്‍ത്തുകൊള്ളണം. എന്നിട്ടും, രാഷ്ട്രീയ നേട്ടത്തിനായി ഈ മൊഴിയെ സി.പി.എമ്മോ ഇടതുപക്ഷമോ ഉപയോഗിച്ചിട്ടില്ല.

നിയമസഭയില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടു വന്നപ്പോള്‍ പോലും ഈ മൊഴിയുടെ പകര്‍പ്പ് ഇടതു അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിട്ടില്ല. അങ്ങനെ ചെയ്തിരുന്നു എങ്കില്‍ ഇന്ന് ഐശ്വര്യ കേരള യാത്ര പോലും ചെന്നിത്തലക്ക് നടത്താന്‍ കഴിയുമായിരുന്നില്ല. സ്വന്തം മുന്നണി തന്നെ ഈ യാത്രയ്ക്ക് റെഡ് സിഗ്നല്‍ ഉയര്‍ത്തുന്നത് കാണേണ്ടി വരുമായിരുന്നു. ഇതെല്ലാം നല്ലവണ്ണം മനസ്സിലാക്കി വേണം ചെന്നിത്തല മുന്നോട്ട് പോകാന്‍. ബാര്‍കോഴ കേസില്‍ രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയതിന് വ്യക്തി വിരോധമല്ല തീര്‍ക്കേണ്ടത്. അത് പ്രതിപക്ഷ നേതാവിന് ചേര്‍ന്ന രീതിയുമല്ല. ഡോളര്‍ കടത്ത് കേസ് സത്യസന്ധമായി അന്വേഷിച്ചാല്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമെന്ന് പറയാന്‍ ചെന്നിത്തലയാണോ അന്വേഷണ ഉദ്യോഗസ്ഥന്‍?

സ്പീക്കര്‍ക്കെതിരെ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി വായിച്ച ജഡ്ജി ഞെട്ടിപ്പോയെന്ന് ആരാണ് നിങ്ങളോട് പറഞ്ഞിരിക്കുന്നത്? രഹസ്യമൊഴി പരസ്യമായാല്‍ അതിനെ എങ്ങനെയാണ് രഹസ്യമൊഴി എന്നു പറയാന്‍ കഴിയുക? ഈ ചോദ്യങ്ങള്‍ക്ക് ചെന്നിത്തലയാണ് ഉത്തരം പറയേണ്ടത്. കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സികള്‍ക്ക് അവരുടെ കസ്റ്റഡിയിലുള്ള പ്രതികളില്‍ എത്രമാത്രം സ്വാധീനം ഉണ്ടാകും എന്നത് ഊഹിക്കാവുന്ന കാര്യമാണ്. അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതിപ്പോള്‍ രാഷ്ട്രീയ പകവീട്ടലാണ്. അതാണ് പ്രതിപക്ഷ നേതാവും ഏറ്റുപിടിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ദേശീയ നിലപാടിന് വിരുദ്ധമായ സമീപനം കൂടിയാണിത്.

‘രഹസ്യമൊഴി നമ്മളാണ് വായിച്ചിരുന്നതെങ്കില്‍, ബോധം കെട്ട് വീഴുമായിരുന്നു’ എന്നു പറയുന്ന ചെന്നിത്തല ശരണ്യ, നിങ്ങളുടെ ഭരണകാലത്ത് നല്‍കിയ മൊഴി വായിച്ചിട്ട്, ബോധം കെടാതെ നോക്കുന്നതാകും നന്നാകുക. ഇതുപോലെ അപമാനിതനായ ഒരു സ്പീക്കര്‍ നിയമസഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നു നിങ്ങള്‍ പറയുമ്പോള്‍ ഇതുപോലെ നാണംകെട്ട ഒരു പ്രതിപക്ഷ നേതാവ് കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ക്കും പറയേണ്ടി വരുമെന്നതും ഓര്‍ക്കുന്നത് നല്ലതാണ്. ഐശ്വര്യ കേരള യാത്ര പൊന്നാനിയില്‍ എത്തിയപ്പോള്‍ ചെന്നിത്തലയ്ക്കാണ് ശരിക്കും വിറളി പിടിച്ചിരിക്കുന്നത്. അതുതന്നെയാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെ അടിസ്ഥാനവും.

സ്വര്‍ണ്ണക്കടത്തു മുതല്‍ ഡോളര്‍ക്കടത്തുവരെ ആരോപിക്കപ്പെട്ട ശിവശങ്കറിന് എല്ലാ കേസിലും ഇപ്പോള്‍ ജാമ്യം കിട്ടിയിരിക്കുകയാണ്. അന്വേഷണ സംഘത്തിന് വ്യക്തമായ കാരണം കോടതിയില്‍ ബോധ്യപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ഇതും സംഭവിച്ചിരിക്കുന്നത്. പ്രതിപക്ഷം പറയുന്നതും മാധ്യമങ്ങള്‍ പറയുന്നതുമല്ല ശരി എന്നതു കൂടി ഇതില്‍ നിന്നും വ്യക്തമാണ്. എന്നിട്ടും, ചെന്നിത്തലമാര്‍ വായടക്കാന്‍ തയ്യാറല്ല. ഇടതുപക്ഷത്തെ കടന്നാക്രമിക്കാന്‍ ഒടിഞ്ഞ ‘കുന്തം’ തന്നെയാണ് വീണ്ടും അദ്ദേഹം പ്രയോഗിക്കുന്നത്. ഇതിനു ഇനി മറുപടി നല്‍കേണ്ടത്, രാഷ്ട്രീയ കേരളമാണ്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനോടുള്ള പക ചെന്നിത്തലക്ക് തീര്‍ന്നില്ലെങ്കില്‍ ശ്രീരാമകൃഷ്ണന്‍ വെല്ലുവിളിച്ചതു പോലെ പൊന്നാനിയില്‍ മത്സരിക്കാന്‍ ചെന്നിത്തല തയ്യാറാവണം. അതോടെ, ശരിയായ വിധി എഴുത്തു നടത്താന്‍ ജനങ്ങള്‍ക്കാണ് അവസരം ലഭിക്കുക. ഇനി ശ്രീരാമകൃഷ്ണനെതിരെ മത്സരിക്കാന്‍ ചെന്നിത്തലക്ക് ഭയമാണെങ്കില്‍ വായടക്കി വേറെ പണി നോക്കുകയാണ് വേണ്ടത്. അതു തന്നെയാണ് ജനങ്ങളും ആഗ്രഹിക്കുന്നത്.

 

Top