speaker ‘S proposal Against Bhagwant Mann

ഡല്‍ഹി: പാര്‍ലമെന്റിനകത്തേക്ക് സുരക്ഷാസംവിധാനങ്ങളിലൂടെ കയറിപ്പോകുന്നതിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലിട്ട ആം ആദ്മി പാര്‍ട്ടി എം.പി. ഭഗവന്ത് മന്‍ സഭയില്‍ പങ്കെടുക്കുന്നതില്‍നിന്നു വിട്ടു നില്‍ക്കണമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ നിര്‍ദേശിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒമ്പതംഗ സമിതിയേയും സ്പീക്കര്‍ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെയാണ് വിലക്ക്.

വീഡിയോ പുറത്ത് വിട്ടത് വിവാദമായതിനെത്തുടര്‍ന്ന് ഭഗവന്ത് മന്‍ നിരുപാധികം ക്ഷമാപണം നടത്തിക്കൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് നല്‍കിയിരുന്നുവെങ്കിലും വിഷയം വളരെ ഗൗരവതരമാണെന്നും ഭഗവന്ത് സിങ്ങിനെതിരെ നടപടി വേണ്ടിവരുമെന്നും സ്പീക്കര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഭഗവന്ത് വിഡിയോ പരസ്യമാക്കിയത്. ഭഗവന്തിന്റെ വാഹനം പാര്‍ലമെന്റിലെ ബാരിക്കേഡുകള്‍ കടന്ന് അകത്തുകയറുന്നതുമുതലുള്ള ദൃശ്യങ്ങളാണ് 12 മിനിറ്റുവരുന്ന വീഡിയോയിലുള്ളത്. സഭയിലുയര്‍ത്തുന്ന ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുന്ന മുറിയിലെ ദൃശ്യങ്ങളും ഫെയ്‌സ്ബുക്കിലിട്ട വീഡിയോയിലുണ്ട്.

സംഭവം വിവാദമായപ്പോള്‍ താന്‍ ഇനിയും ഇതുപോലെ ചെയ്യുമെന്ന ഭഗവന്തിന്റെ പ്രതികരണം പ്രതിഷേധം ആളിക്കത്തിച്ചു. തന്നെ വോട്ടുചെയ്തു ജയിപ്പിച്ച പഞ്ചാബിലെ ജനങ്ങളെ പാര്‍ലമെന്റ് പ്രവര്‍ത്തനരീതികള്‍ കാണിച്ചുകൊടുക്കാനാണ് വീഡിയോ ചിത്രീകരിച്ച് ഫെയ്‌സ്ബുക്കിലിട്ടതെന്നായിരുന്നു എം.പി.യുടെ വിശദീകരണം.

ഇരുസഭകളിലും പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് എം.പി. മാപ്പുപറയുകയായിരുന്നു.

പാര്‍ലമെന്റിന്റെ സുരക്ഷയ്ക്ക് ദോഷകരമായി പ്രവര്‍ത്തിച്ച ഭഗവന്തിനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഇന്ന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.

Top