തെറ്റു ചെയ്തിട്ടില്ല, ഒരിഞ്ച് പോലും തല കുനിക്കില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ തെറ്റു ചെയ്യാത്തതിനാല്‍ ഒരിഞ്ച് പോലും തല കുനിക്കില്ലെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം പ്രമേയം കൊണ്ടുവന്ന പ്രമേയവുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പീക്കറെ നീക്കണമെന്ന പ്രമേയം ഒരു തിരിച്ചടിയായി കരുതുന്നില്ല. പ്രമേയത്തിന് എത്രത്തോളം യുക്തിയുണ്ടെന്നു കൊണ്ടുവരുന്ന ആളുകള്‍ തീരുമാനിക്കണം. സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുളള അവകാശം പ്രതിപക്ഷത്തിനുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തത് ജനാധിപത്യത്തോടുള്ള ബഹുമാനക്കുറവാണെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിനു പോയതില്‍ പിഴവു പറ്റിയെന്നു സ്പീക്കര്‍ സമ്മതിച്ചു. സന്ദീപ് നായരെ കുറിച്ചു യാതൊന്നും തനിക്കറിയില്ലായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണു വിവരങ്ങള്‍ അറിഞ്ഞു തുടങ്ങിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്ലായിരുന്നു. കൂടാതെ മാധ്യമങ്ങളോ പ്രതിപക്ഷമോ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ തെറ്റുകാരനാവില്ല. അതുകൊണ്ടു താന്‍ പശ്ചാത്തപിക്കേണ്ട കാര്യമില്ല. ഡോളര്‍ കടത്തുകേസില്‍ തെറ്റൊന്നും ചെയ്തിട്ടില്ല. കഥയുണ്ടാക്കി ചാടിയിറങ്ങിയവര്‍ക്കു നിരാശപ്പെടേണ്ടി വരുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Top