സഭയില്‍ അജിത് പവാര്‍ പക്ഷത്തിനാണ് ഭൂരിപക്ഷമെന്ന് സ്പീക്കർ;ശരദ് പവാര്‍ പക്ഷത്തിന് തിരിച്ചടി

പിളര്‍ന്ന എന്‍സിപിയുടെ ശരദ് പവാര്‍ പക്ഷത്തിന് തിരിച്ചടിയായി മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ വിധി. അജിത് പവാര്‍ പക്ഷത്തിന് 31 എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ നിയമസഭയില്‍ അജിത് പവാര്‍ പക്ഷത്തിനാണ് ഭൂരിപക്ഷമെന്നാണ് സ്പീക്കറുടെ വിധി. പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇതോടെ അജിത് പവാര്‍ പക്ഷം യഥാര്‍ത്ഥ എന്‍സിപിയായി മാറി. ഇതിന് കൂറുമാറ്റമെന്ന് പറയാനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ശരദ് പവാര്‍ പക്ഷത്തിന്റെ ഹര്‍ജി സ്പീക്കര്‍ തള്ളുകയായിരുന്നു. എന്‍സിപി പിളര്‍പ്പുമായി ബന്ധപ്പെട്ട് ജനുവരിയില്‍ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി, സ്പീക്കറോട് തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്പീക്കര്‍ വിധി പറഞ്ഞത്. പാര്‍ട്ടി പിളര്‍ത്തി ബിജെപി ക്യാംപില്‍ എത്തിയ അജിത് പവാര്‍ അടക്കമുള്ള എംഎല്‍എമാരെ അയോഗ്യരാക്കണമെന്നായിരുന്നു ശരദ് പവാര്‍ വിഭാഗത്തിന്റെ ആവശ്യം.

നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷനും അജിത് പവാര്‍ വിഭാഗത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇതോടെ പാര്‍ട്ടിയുടെ പേരും ചിഹ്നവും അജിത്പക്ഷത്തേക്ക് പോയി. പിന്നാലെ കേരള ഘടകം ശരദ് പവാറിനൊപ്പമാണെന്നും അജിത് പവാറിന് അധികാര മോഹമാണെന്നും എകെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. കേരളത്തില്‍ എന്‍സിപി ഇടതുമുന്നണിക്കൊപ്പം തുടരുകയാണ്. ബിജെപിക്കൊപ്പം പോകില്ലെന്നും അവര്‍ അറിയിച്ചിരുന്നു.

Top