നിയമസഭയിലേക്ക് ചാടിക്കയറാനില്ല,​ ഉത്തരവ് വരുംവരെ കാത്തിരിക്കുമെന്ന് കെ.എം.ഷാജി

km shaji

കോഴിക്കോട് : നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന സ്പീക്കറുടെ പ്രതികരണത്തിനെതിരെ കെ.എം.ഷാജി രംഗത്ത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അഭിപ്രായപ്രകടനം അസ്ഥാനത്തായിപ്പോയെന്ന് ഷാജി പറഞ്ഞു. നിയമസഭയിലേക്ക് ചാടിക്കയറാന്‍ താനില്ല. അപ്പീലില്‍ സുപ്രീം കോടതി ഉത്തരവ് വരും വരെ കാത്തിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സുപ്രീം കോടതിയുടെ വാക്കാല്‍ പരാമാര്‍ശം മതിയാകില്ലെന്നും രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയാല്‍ മാത്രമേ ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കാനാകുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. നിയമസഭയില്‍ പങ്കെടുക്കുന്നതിന് യാതൊരു തടസവുമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്ന് അറിയിച്ചിരുന്നു.

ഹൈക്കോടതി വിധിയുടെ സ്റ്റേ നാളെ അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതിയില്‍ നിന്നും ഷാജിക്ക് അനുകൂലമായ പരാമര്‍ശം വന്നത്. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് വാക്കാല്‍ പരാമര്‍ശം നടത്തിയത്.

Top