സൂപ്പര്‍ സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനത്തിന് നടന്‍ അജിത്തും ഇളയദളപതിയും അനുകൂലമെന്ന്‌..!

ചെന്നൈ:രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടില്‍ ഇളയദളപതി വിജയും അജിത്തുമെന്ന് സൂചന.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ നടന്‍ കമലഹാസന്‍ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ യുവതലമുറയിലെ സൂപ്പര്‍ താരങ്ങളുടെ അഭിപ്രായം തമിഴകം ഉറ്റുനോക്കുകയാണ്.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് കഴിഞ്ഞാല്‍ പിന്നെ തമിഴകത്ത് ഏറ്റവും അധികം ആരാധകര്‍ ഉള്ളത് വിജയ്ക്കും അജിത്തിനുമാണ്. അതു കൊണ്ടു തന്നെ ഇരുവരുടെയും അഭിപ്രായങ്ങള്‍ക്ക് വലിയ പ്രധാന്യവുമുണ്ട്.

ജയലളിതയുടെ പിന്‍ഗാമിയായി നടന്‍ അജിത്ത് വരണമെന്ന ശക്തമായ അഭിപ്രായം അണ്ണാ ഡിഎംകെ അണികളില്‍ നിന്നും ഉയര്‍ന്നിരുന്നെങ്കിലും അജിത്ത് രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലം ഇപ്പോള്‍ ഇല്ലെന്ന നിലപാടിലാണ്.

ഇളയദളപതിയും ഇതേ നിലപാടില്‍ തന്നെയാണ്. അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെയും തീരുമാനം.

എന്നാല്‍ ജയലളിതയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രി പദത്തില്‍ സിനിമാരംഗത്ത് നിന്ന് തന്നെ ആരെങ്കിലും വരണമെന്ന നിലപാട് ഇരുവര്‍ക്കുമുണ്ട്. രജനികാന്ത് അല്ലാതെ മറ്റൊരു സാധ്യതയും ഇവര്‍ക്കു മുന്നിലുമില്ല.

വ്യക്തിപരമായി താരങ്ങള്‍ക്കിടയില്‍ വലിയ പിന്തുണയുള്ള നടനാണ് രജനി. അദ്ദേഹത്തിന്റെ എളിമ സാധാരണക്കാരെ മാത്രമല്ല താരങ്ങളെയും അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.

രജനി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ അതിന് എല്ലാ ആശംസകളും അര്‍പ്പിച്ച് രംഗത്തുവരാനാണ് പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ തീരുമാനമെന്നാണ് സൂചന.

‘ സിനിമ രംഗത്ത് മാത്രമല്ല രാഷ്ട്രീയത്തിലും മക്കള്‍ക്ക് സൂപ്പര്‍ സ്റ്റാറിനെ വേണമെങ്കില്‍ കടവുള്‍ക്ക് പോലും അത് തടയാന്‍ പറ്റില്ലെന്നാണ് ഒരു പ്രമുഖ നടന്‍ പ്രതികരിച്ചത്.

രജനി തമിഴനല്ലെന്നും കര്‍ണ്ണാടകക്കാരനാണെന്നും ആരോപിച്ച് പ്രതിഷേധം ഉയര്‍ത്തി ചില സംഘടനകളും വ്യക്തികളും രംഗത്ത് വരുന്ന പശ്ചാത്തലത്തില്‍ രജനിക്ക് പരസ്യ പിന്തുണ നല്‍കണമെന്ന ആവശ്യവും തമിഴക സിനിമാ മേഖലയില്‍ ശക്തമാണ്.

അടുത്ത മാസം രജനി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ സഹോദരന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഉചിതമായ സമയത്ത് തീരുമാനം അറിയിക്കാമെന്നാണ് രജനിയും മാധ്യമങ്ങളോട് പ്രതികരിച്ചത്.

സൂപ്പര്‍ സ്റ്റാറിന്റെ പുതിയ പാര്‍ട്ടി തമിഴകം തൂത്ത് വാരുമെന്നത് പേടിച്ച് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഒരു വിഭാഗം പ്രാദേശിക വികാരം ഉയര്‍ത്തി രജനിക്ക് ‘പാര’യുമായി ശക്തമായി രംഗത്തുണ്ട്.

പാര്‍ട്ടി അണികള്‍ മാത്രമല്ല, നേതാക്കളും എം എല്‍ എ മാരും എം പിമാരും രജനിക്കൊപ്പം പോകുമോയെന്ന ഭയപ്പാടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

Top