ക്രിമിനൽ ഗൂഢാലോചന ആരോപിച്ച മഞ്ജു . . പൊലീസിനു മുന്നിലെത്തിയപ്പോൾ ‘മിണ്ടിയില്ല’

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് വിവാദത്തിന് തിരികൊളുത്തിയ മഞ്ജുവിന് പൊലീസിന് മുന്നില്‍ ഉത്തരം മുട്ടി !

ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് ഉന്നത ആക്രമിക്കപ്പെട്ട നടിയെ വീണ്ടും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയതിനു ശേഷം മഞ്ജു വാര്യരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

ഇതില്‍ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ചുള്ള ചോദ്യത്തിനാണ് കൃത്യമായ മറുപടി പറയാതെ മഞ്ജു ഒഴിഞ്ഞു മാറിയത്.

നടി ആക്രമിക്കപ്പെട്ട സംഭവം നടന്നയുടനെ കൊച്ചിയില്‍ താരസംഘടന ‘അമ്മ’ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ക്രിമിനല്‍ ഗൂഢാലോചന മഞ്ജു ആരോപിച്ചത്.

ഇതേ തുടര്‍ന്ന് നടന്‍ ദിലീപിനെതിരെ പിന്നീട് വാര്‍ത്തയുടെ പ്രളയം തന്നെയായിരുന്നു അരങ്ങേറിയത്.

ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ വസ്തു ഇടപാടുണ്ടായിരുന്നുവെന്നും ഈ വസ്തു തിരിച്ച് എഴുതി നല്‍കാതിരുന്നതിനാലാണ് നടിക്കെതിരായ ആക്രമണമെന്നുമായിരുന്നു പ്രചരിച്ച കഥകള്‍.

നടി വസ്തു മഞ്ജു വാര്യരുടെ പേരില്‍ എഴുതി നല്‍കാം എന്ന് പറഞ്ഞിരുന്നതായും എന്നാല്‍ നടന്‍ ഇതിനെ എതിര്‍ത്തതായും വാര്‍ത്തകളുണ്ടായിരുന്നു.

ഇതിനിടെ പ്രചരിച്ച വാര്‍ത്തകള്‍ക്ക് ബലമേകി പള്‍സര്‍ സുനിയുടെ കത്തും പുറത്തു വരികയുണ്ടായി.

തുടര്‍ന്ന് പതിമൂന്ന് മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടും നടിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളോ വ്യക്തി വൈരാഗ്യം തോന്നത്തക്ക രൂപത്തിലുള്ള അസ്വാഭാവികമായ മറ്റെന്തെങ്കിലുമോ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നുമില്ല.

നടിയുമായി നടന് വ്യക്തി വൈരാഗ്യമുള്ളതായി കണ്ടെത്താന്‍ കഴിയാത്തിടത്തോളം പ്രതിയാക്കാന്‍ പറ്റില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നത്.

ഇപ്പോഴത്തെ അന്വേഷണ സംഘ തലവന്‍ ദിനേന്ദ്രകാശ്യപിന്റെ നിലപാടും ഇതു തന്നെയാണ്.

സെന്‍സേഷന് വേണ്ടി ആരെയെങ്കിലും പ്രതിയാക്കിയാല്‍ കേസ് കോടതിയിലെത്തുമ്പോള്‍ ‘പണി’ കിട്ടുമെന്നതാണ് ഉദ്യോഗസ്ഥരെ പിറകോട്ടടിപ്പിക്കുന്നത്.

നടിയുടെ പേരില്‍ വസ്തു വാങ്ങിയിട്ടുണ്ടെങ്കില്‍ തന്നെ അത് മഞ്ജു വാര്യര്‍ ദിലീപിനൊപ്പം ഉണ്ടായിരുന്ന കാലത്തായിരിക്കും എന്നതിനാല്‍ മഞ്ജുവിന്റെ മൊഴിക്ക് വലിയ പ്രാധാന്യമാണുള്ളത്.

കേസില്‍ പ്രധാന സാക്ഷിയായി മാറേണ്ട തരത്തില്‍ ഒരു മൊഴിയാണ് അന്വേഷണ സംഘം മഞ്ജുവില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്.

വിവാഹമോചനത്തിന്റെ ‘ആനുകൂല്യം’ മൊഴിയില്‍ പ്രതീക്ഷിച്ചവര്‍ക്ക് നിരാശയുണ്ടായതിന് തൊട്ടുപിന്നാലെ ഇപ്പോള്‍ ജയിലില്‍ നിന്ന് പള്‍സര്‍ സുനിക്കു വേണ്ടി കത്തെഴുതിയ വ്യക്തി മലക്കം മറിഞ്ഞതും തിരിച്ചടിയായിരിക്കുകയാണ്.

പൊലീസ് കസ്റ്റഡിയില്‍ പള്‍സര്‍ സുനി അന്വേഷണ സംഘത്തോട് സഹകരിക്കാത്തതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.

‘ഒന്നുകില്‍ പള്‍സര്‍ സുനി മന:പൂര്‍വം തെറ്റി ധരിപ്പിക്കുന്നു. അതല്ലെങ്കില്‍ മറ്റേതോ ഉന്നത കേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു ‘ഈ നിഗമനത്തിലാണിപ്പോള്‍ അന്വേഷണ സംഘം.

അവസാന ശ്രമമെന്ന നിലയില്‍ പൊലീസ്‌ കസ്റ്റഡി തീരും മുന്‍പ് പള്‍സറിനെ കൊണ്ടും സഹതടവുകാരെ കൊണ്ടും സത്യം പറയിപ്പിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസിപ്പോള്‍.

Top