തിരുവനന്തപുരം: ഓഗസ്റ്റ് അവസാനം ചീഫ് സെക്രട്ടറി നളിനി നെറ്റോ വിരമിക്കുന്ന ഒഴിവില്‍ പിന്‍ഗാമി ആരായിരിക്കുമെന്നതിനെ ചൊല്ലി ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആകാംക്ഷ.
സാധാരണ ഗതിയില്‍ നളിനി നെറ്റോയുടെ തൊട്ടടുത്ത സീനിയര്‍ ഉദ്യോഗസ്ഥനായ കെ.എം എബ്രഹമിനാണ് സാധ്യത.
ഇപ്പോള്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ സെക്രട്ടറിയാണദ്ദേഹം. ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന്റെ പിന്തുണയും എബ്രഹാമിനുണ്ട്.
ഐ.എ.എസ് അസോസിയേഷനും കെ.എം എബ്രഹാം ചീഫ് സെക്രട്ടറിയാകുമെന്ന പ്രതീക്ഷയിലാണ്.
എന്നാല്‍ വിജിലന്‍സ് അന്വേഷണത്തിനെതിരെ, ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രിയോട് പരാതി പറയാന്‍ പോയ സംഘത്തില്‍ പ്രധാനിയായ എബ്രഹാമിനോട് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചതും സംഘത്തെ ‘ഓടിച്ചു’ വിട്ടതും പരിഗണിക്കുമ്പോള്‍ എബ്രഹാമിന്റെ സാധ്യത എത്രത്തോളമാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
പൊതുവെ സീനിയോറിറ്റി മാനിക്കണമെന്ന് ആഗ്രഹിക്കുന്ന മുഖ്യമന്ത്രി പിണറായി എബ്രഹാമിനെ തഴയില്ലെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. മറിച്ചായാല്‍ അത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനും കാരണമാകും.
അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിജിലന്‍സ് അന്വേഷണം നേരിട്ട കെ എം എബ്രഹാമിന് ഒടുവില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റാണ് കോടതിയില്‍ നല്‍കിയിരുന്നത്.
കെ.എം എബ്രഹാം വരുന്നതോടെ ഐ.എ.എസ് അസോസിയേഷനും ‘പവറ് ‘ കൂടും. നിലവില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുമായി കടുത്ത അഭിപ്രായ ഭിന്നത സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.
സിപിഎം സംസ്ഥാന നേതൃത്ത്വവും കെ എം എബ്രഹാം ചീഫ് സെക്രട്ടറിയാകട്ടെ എന്ന നിലപാടിലാണ്.
മുഖ്യമന്ത്രി ഉടക്കിയാല്‍ മാത്രമേ മറ്റു പേരുകള്‍ക്ക് സാധ്യതയുള്ളൂ.
എബ്രഹാം കഴിഞ്ഞാല്‍ തൊട്ടടുത്ത സീനിയറായ എ കെ ദൂബെ അടക്കമുള്ളവരില്‍ പലരും ഇപ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. പിന്നെ കേരളത്തിലുള്ളത് വൈദ്യുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണ്. വ്യവസായ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതലയും പോള്‍ ആന്റണിക്കാണ്.
സംസ്ഥാന പൊലീസില്‍ ബഹ്‌റയേക്കാള്‍ സീനിയറായിട്ടും ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കി ബഹ്‌റക്ക് പൊലീസ് മേധാവിയുടെ കസേര നല്‍കിയിരുന്ന പിണറായി കെ.എം എബ്രഹാമിനെ തഴഞ്ഞ് പോള്‍ ആന്റണിക്ക് അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല.
വ്യവസായവകുപ്പിലെ മന്ത്രി ബന്ധുനിയമന കേസില്‍ നിലവില്‍ മൂന്നാം പ്രതിയാണ് പോള്‍ ആന്റണി. എന്നാല്‍ കേസില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് തന്നെ ഇപ്പോള്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സ്ഥിതിക്ക് അദ്ദേഹത്തിന് മുന്നിലെ നിയമപരമായ തടസങ്ങളും നീങ്ങാനാണ് സാധ്യത.
മുമ്പ് മലബാര്‍ സിമന്റ്‌സ് എം ഡി കെ പത്മകുമാറിനെ അറസ്റ്റ് ചെയ്തത് സുപ്രീം കോടതി ഉത്തരവിനെതിരാണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതും പോള്‍ ആന്റണി ആയിരുന്നു.