മോദിയുടെ ഗുജറാത്തിനു പോലും സ്വപ്നം കാണാന്‍ പറ്റാത്ത കരുത്ത്, അതുണ്ടിവിടെ . .

ന്യൂഡല്‍ഹി : രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം അമ്പരപ്പിച്ചാണ് അമിത് ഷാ റോഡിലിറങ്ങി നടന്നത്. ഇതിന് തൊട്ടുപിന്നാലെ യു.പി മുഖ്യമന്ത്രി ആദിത്യനാഥും കേന്ദ്ര മന്ത്രി പടയും ആ ദൗത്യം തുടരുകയാണ്.

ഒരു എം.പി പോലും ബി.ജെ.പിക്ക് ലഭിക്കാത്ത സംസ്ഥാനത്ത് എന്തിനു വേണ്ടിയാണ് ഈ ‘ത്യാഗം’ ബി.ജെ.പി ദേശീയ നേതൃത്വം ഏറ്റെടുത്തിരിക്കുന്നതെന്ന് അത്ഭുതത്തോടെ പരസ്പരം ചോദിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.

ശത്രു വിഭാഗങ്ങള്‍ക്കു മാത്രമല്ല എന്‍.ഡി.എ ഘടക കക്ഷികള്‍ക്കു പോലും ഇക്കാര്യത്തില്‍ വ്യക്തമായ ‘പിടി’യില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കാകട്ടെ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയും കാഴ്ചപ്പാടും ശക്തമായി തന്നെയുണ്ട്.

അവരുടെ മനസ്സില്‍ വില്ലന്‍ പരിവേഷമാണ് കേരള മുഖ്യമന്ത്രിക്കും ചെങ്കൊടിക്കുമുള്ളത്.

രാജ്യത്ത് ഏറ്റവും അധികം സംഘപരിവാര്‍ ബലിദാനികള്‍ ഉള്ള കേരളം മറ്റു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വലിയ ആവേശവും നൊമ്പരവുമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതും കേരളത്തിലാണ്. ഇത് ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന് കേരളത്തിലെ സംഘം പ്രവര്‍ത്തകരെ ഏറെ പ്രിയപ്പെട്ടവരാക്കാന്‍ പ്രധാന കാരണമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ആയിരം ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുമ്പോളാണ് ഭരണമില്ലാത്ത . . ഒരു എം.പി പോലും ഇല്ലാത്ത . . കൊച്ചു കേരളത്തില്‍ അത് 5000മായി ഉയര്‍ന്നു നില്‍ക്കുന്നത്.

മുന്നണി രാഷ്ട്രീയം മാത്രം വിജയിക്കുന്ന സംസ്ഥാനത്ത് പാര്‍ലമെന്ററി രംഗത്ത് പരാജയമാണെങ്കിലും സംഘടനാ തലത്തില്‍ അതിശക്തരും സ്വയം ജീവന്‍ സമര്‍പ്പിക്കാനുള്ള ധീരതയുമാണ് കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ ദേശീയ നേതൃത്വം കാണുന്ന പ്രത്യേകത.

2019 ഓടെ കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മാത്രം എണ്ണം ഒമ്പത് ലക്ഷമാക്കി ഉയര്‍ത്താനാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് തന്നെ അടുത്തയിടെ നിരവധി തവണയാണ് കൊച്ചി, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നത്.

സ്വാതന്ത്രദിനത്തില്‍ പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും ജില്ലാ ഭരണകൂടം ആര്‍.എസ്.എസ് മേധാവിയെ തടയാന്‍ ശ്രമിച്ചതാകട്ടെ വലിയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു.

ആര്‍.എസ്.എസ് എന്നു കേട്ടാല്‍ കേരളത്തിലെ ഭരണകൂടത്തിന് ‘കലിയിളകം’ എന്നത് മോഹന്‍ ഭാഗവതിന് തന്നെ നേരിട്ട് ബോധ്യപ്പെട്ട സംഭവമായിരുന്നു അത്.

ഇതിനു ശേഷമാണ് ബി.ജെ.പി കേരള സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി ജനരക്ഷായാത്ര വിപുലമായി പ്ലാന്‍ ചെയ്തിരുന്നത്.

ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നുള്ള വ്യക്തമായ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.

പാര്‍ട്ടി മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും കേരളത്തിലെ സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ഇറങ്ങി നടക്കുന്നത് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുക മാത്രമല്ല, പൊതു സമൂഹത്തിനിടയില്‍ ബി.ജെ.പിക്ക് മതിപ്പ് വര്‍ദ്ധിക്കുമെന്നും ആര്‍.എസ്.എസ് കണക്ക് കൂട്ടുന്നു.

രാജ്യത്ത് തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും നടത്താത്ത പ്രകടനമാണ് ഇപ്പോള്‍ കേരളത്തില്‍ ബിജെപി ദേശീയ നേതൃത്വം കാഴ്ച വയ്ക്കുന്നത്.

ബി.ജെ.പി നേതാക്കളുടെ ഈ നടപടി ഇടതുപക്ഷത്തെ മാത്രമല്ല, യു.ഡി.എഫിനെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്ന് ജാതി-മത വോട്ട് ബാങ്കാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന അഭിപ്രായം പറയുന്ന രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ പോലും ഇപ്പോള്‍ ഒരു ‘അട്ടിമറി’ സംശയവും ശക്തമാണ്.

പിണറായി സര്‍ക്കാറിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായുള്ള ഒരു ‘പാക’പ്പെടുത്തല്‍ ആയാണ് ഇവരില്‍ ഒരു വിഭാഗം ജന രക്ഷായാത്രയെ നോക്കിക്കാണുന്നത്.

ഒന്നും കാണാതെ അമിത് ഷായും സംഘവും കേരളത്തില്‍ തമ്പടിച്ച് ഇത്തരമൊരു സമരമാര്‍ഗ്ഗം തിരഞ്ഞെടുക്കില്ലന്ന് തന്നെയാണ് വിലയിരുത്തല്‍.

അതേസമയം അമിത് ഷാ മുഖ്യമന്ത്രിയില്‍ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ആരോപിച്ചതും തിരിച്ച് പിണറായി നല്‍കിയ മറുപടിയും ഇരു വിഭാഗം അണികള്‍ക്കിടയിലും വലിയ പ്രതിധ്വനിയുണ്ടാക്കിയ പശ്ചാത്തലത്തില്‍ യാത്ര തലസ്ഥാനത്ത് എത്തുന്നതിനു മുന്‍പ് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമോയെന്ന ആശങ്കയും വ്യാപകമാണ്.

ഇനി ഒരു സംഘര്‍ഷം പൊട്ടി പുറപ്പെട്ടാല്‍ ‘കടുംകൈ’ പ്രയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കില്ലന്ന് തന്നെയാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന വിവരം.

റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍

Top