പിണറായി സർക്കാറിനെ അട്ടിമറിക്കാനായി അമിത്ഷായും13 മുഖ്യൻമാരും കേരളത്തിലേക്ക്

കണ്ണൂര്‍: രാജ്യത്ത് സംഘപരിവാറിന്റെ കടുത്ത ശത്രു പിണറായി തന്നെയാണെന്ന് പ്രഖ്യാപിച്ച് പരിവാര്‍ നേതൃത്വം.

സിപിഎം ആക്രമണത്തിനെതിരെ ബിജെപി സംഘടിപ്പിക്കുന്ന ജനരക്ഷായാത്ര പിണറായി വിജയന്റെ ജില്ലയായ കണ്ണൂര്‍ പയ്യന്നൂരില്‍ നിന്ന് തുടങ്ങാനാണ് തീരുമാനം.

പിണറായി സര്‍ക്കാരിനെ പിരിച്ച് വിടുന്നതിന്റെ ഭാഗമായി ‘കളം’കയ്യിലാക്കാനാണ് കാവിപ്പടയുടെ യാത്രയെന്നാണ് അഭ്യൂഹം.

ജാഥാംഗങ്ങളായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ബിജെപിയുടെ രാജ്യത്തെ 13 മുഖ്യമന്ത്രിമാരും, അഞ്ചു സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാരും, കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവരും പങ്കെടുക്കുന്നതാണ് യാത്രയുടെ ലക്ഷ്യത്തെ സംബന്ധിച്ച് സംശയങ്ങളുയര്‍ത്തുന്നത്.

ചരിത്രത്തിലാദ്യമായാണ് ബിജെപി ഒരു സംസ്ഥാനത്ത് ഇത്രയും വലിയ മന്ത്രി പടയേയും നേതാക്കളേയും അണിനിരത്തി സംസ്ഥാന തലത്തില്‍ ഒരു പ്രതിഷേധയാത്ര നടത്തുന്നത്. അതും ഒരു എംപിപോലും ഇല്ലാത്ത കേരളത്തില്‍.

ഇതോടെ ദേശീയതലത്തില്‍ തന്നെ മുഖ്യമന്ത്രി പിണറായിയേയും സിപിഎമ്മിനേയും ബിജെപി പ്രധാന ‘ടാര്‍ഗറ്റായി’ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

ജാഥയില്‍ അമിത് ഷായും മറ്റു മന്ത്രിമാരും പങ്കെടുക്കുമെന്നത് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

മാര്‍ക്‌സിസ്റ്റ് ഭീകരതയ്ക്കും ജിഹാദി ഭീകരതയ്ക്കുമെതിരായ പ്രചാരണത്തിന്റെ ഭാഗമായാണ് ജനരക്ഷായാത്രയെന്നാണ് കൃഷ്ണദാസിന്റെ വാദം.

രണ്ടു ഭീകരതകളും ഒരു പോലെ ഭീഷണിയുയര്‍ത്തുന്ന ഏക സംസ്ഥാനമാണു കേരളം. മാര്‍ക്‌സിസ്റ്റ് ശക്തികേന്ദ്രങ്ങളിലാണു ജിഹാദികളുടെ ആയുധപരിശീലനം, കൃഷ്ണദാസ് ആരോപിച്ചു.

ഭീകരവിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേരളം തയാറാവാത്തതു ഭീകരരോടുള്ള മൃദുസമീപനത്തിനു തെളിവാണ്. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍, കേരളം ഭരിക്കുന്നതു കമ്യൂണിസ്റ്റ് സര്‍ക്കാരാണോ നാടുവാഴികളാണോ എന്നു ഹൈക്കോടതി ചോദിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

അതേസമയം ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ബിജെപി ദേശീയ നേതൃത്വം കേരളത്തില്‍ തമ്പടിച്ച് പ്രതിഷേധ യാത്രയ്ക്ക് നേതൃത്വം കൊടുക്കുന്നതെന്നതാണ് ലഭിക്കുന്ന വിവരം.

രാജ്യത്ത് ഒരു സംസ്ഥാനത്ത് നിന്ന് ലഭിക്കാത്ത ‘കയ്‌പേറിയ’ അനുഭവം ആര്‍എസ്എസ് മേധാവിയ്ക്ക് കേരളത്തില്‍ ലഭിച്ചത് സംഘപരിവാര്‍ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ബിജെപി യാത്രയുടെ ലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കലാണ് എന്ന സംശയത്തിന് ബലമേകുന്നതാണ്.

ബിജെപി ജാഥയില്‍ ഉന്നയിക്കുന്ന മുദ്രാവാക്യം സെന്‍സിറ്റീവ് ആയതിനാല്‍ ജാഥ കഴിയും വരെ സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്.

അമിത് ഷാ കാലു കുത്തിയ സംസ്ഥാനങ്ങളിലെല്ലാം സാമുദായിക സംഘര്‍ഷം ഉണ്ടാക്കിയിട്ടുണ്ടെന്ന് മുന്‍പ് തന്നെ സിപിഎം പലവട്ടം ആരോപിച്ചിട്ടുള്ളതാണ്.

Top