ചെന്നൈ: പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി തമിഴക ഭരണം പിടിക്കാന്‍ ഒരുങ്ങുന്ന രജനിക്ക് അനുകൂലമായി സൂപ്പര്‍ താരങ്ങള്‍ രംഗത്തിറങ്ങാതിരിക്കാന്‍ ശ്രമം ഊര്‍ജിതമായി. പ്രധാനമായും നടന്‍ ‘ദളപതി’ വിജയ്, ‘തല’ അജിത്ത് എന്നിവരെ ലക്ഷ്യമിട്ടാണ് നീക്കം.
രജനിയെ പോലെ തമിഴകത്ത് വന്‍ ആരാധകപ്പടയും പൊതു സ്വീകാര്യതയും ഉള്ള താരങ്ങളാണ് ഇരുവരും.
ഇവര്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും തല്‍ക്കാലം അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അജിത്തിന്റെയും വിജയ് യുടെയും തീരുമാനം.
രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനോട് പരസ്യമായി പ്രതികരിച്ചില്ലങ്കിലും ഇരുവര്‍ക്കും രജനിയുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇത് തന്നെയാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ ഡി.എം.കെയെയും അണ്ണാ ഡി.എം.കെയെയും ഭയപ്പെടുത്തുന്നത്.
അജിത്ത് അനുഭാവികളില്‍ വലിയ വിഭാഗം അണ്ണാ ഡി.എം.കെ അനുഭാവികളായതിനാല്‍ അജിത്ത് അണ്ണാ ഡി.എം.കെ തലപ്പത്ത് വന്നാലെ രജനി എഫക്ടിനെ പ്രതിരോധിക്കാന്‍ കഴിയൂവെന്നാണ് പാര്‍ട്ടി അണികളും ഒരു വിഭാഗം നേതാക്കളും വിശ്വസിക്കുന്നത്.
ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന അജിത്ത് തലൈവിയുടെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്ന് വ്യാപകമായി പ്രചരണമുണ്ടായിരുന്നു. വിദേശത്തായിരുന്ന അജിത്ത് ഷൂട്ടിങ്ങ് റദ്ദാക്കിയാണ് ജയലളിതക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയില്‍ കുതിച്ചെത്തിയിരുന്നത്.
രജനിയുടെ പടയോട്ടം തടുക്കാന്‍ നിലവിലെ നേതൃത്വത്തിന് കഴിയില്ലന്ന് ചൂണ്ടിക്കാട്ടി ഇപ്പോള്‍ അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗം നേതാക്കളും, അണികളും പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തി കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
അജിത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് ഈ വിഭാഗത്തിന്റെ തീരുമാനം. ഫാന്‍സ് അസോസിയേഷന്‍ ഘടകങ്ങള്‍ വഴിയാണ് പുതിയ നീക്കം.
ഡി.എം.കെയാവട്ടെ വിജയ് ഒരിക്കലും തങ്ങളുടെ പാളയത്തില്‍ വരില്ലന്ന് ഉറപ്പായതോടെ രജനിയെ പിന്തുണക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇപ്പോള്‍ പ്രധാനമായും ശ്രമം നടത്തുന്നത്.
വിജയ് ഫാന്‍സാകട്ടെ ദളപതി അനിവാര്യമായ ഘട്ടത്തില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നല്ലാതെ നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണക്കില്ലന്നാണ് വ്യക്തമാക്കുന്നത്.
ഇതിനിടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനി പുതിയ വെബ്‌സൈറ്റ് തുടങ്ങി. ‘രജനിമന്‍ഡ്രം’ എന്ന പേരിലാണ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. ആരാധകര്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേരുന്നതിനോടൊപ്പമാണ് വെബ്‌സൈറ്റിനെക്കുറിച്ചും ട്വിറ്ററിലൂടെ താരം പങ്കുവെച്ചത്.
‘എന്റെ രാഷ്ട്രീയ പ്രവേശനത്തെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. തമിഴ്‌നാട്ടില്‍ മികച്ച രാഷ്ട്രീയം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പേരും വോട്ടര്‍ ഐഡി നമ്പറും നല്‍കി വെബ്‌സൈറ്റില്‍ അംഗമാകണം’ രജനി ആവശ്യപ്പെട്ടു.