തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സിപിഎം രാജ്യസഭാംഗവുമായ ഋതബ്രത ബാനര്‍ജിയെ സസ്‌പെന്റ് ചെയ്ത പാര്‍ട്ടി നടപടിയില്‍ ഞെട്ടി കേരളത്തിലെ സിപിഎം !
തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ എം.പി യായ ഋതബ്രത 25,000 രൂപയുടെ സ്മാര്‍ട്ട് വാച്ച് അണിഞ്ഞതും 30,000 രൂപയുടെ പേന ഉപയോഗിച്ചതും വിവാദമായതിനെ തുടര്‍ന്നാണ് സിപിഎം മുഖം നോക്കാതെ സംഘടനാ നടപടി സ്വീകരിച്ചത്.
ബംഗാള്‍ സംസ്ഥാന കമ്മിറ്റിയില്‍ പിബി അംഗം സൂര്യകാന്ത് മിശ്രയാണ് നടപടി റിപ്പോര്‍ട്ട് ചെയ്തത്.
ഋതബ്രതയുടെ ജീവിത ശൈലി പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്ന് കണ്ടെത്തി കര്‍ശന നടപടി സ്വീകരിച്ച ബംഗാളിലെ പാര്‍ട്ടിയുടെ നിലപാട് കേരള ഘടകവും സ്വീകരിക്കണമെന്നതാണ് കേരളത്തിലെ വലിയ വിഭാഗം സിപിഎം പ്രവര്‍ത്തകരുടെയും അഭിപ്രായം.
ജനപ്രതിനിധികളടക്കം നിരവധി പാര്‍ട്ടി നേതാക്കള്‍ കേരളത്തില്‍ വന്‍ ആഢംബര ജീവിതമാണ് നയിക്കുന്നതെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ ചില നേതാക്കളെ താരതമ്യം ചെയ്യുസോള്‍ ഋതബ്രതക്കെതിരെ എടുത്ത നടപടി ‘കടന്നകയ്യായി’ പോയെന്ന അഭിപ്രായം വരെ സാധാരണ പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
പാര്‍ട്ടി അംഗങ്ങള്‍ ലളിത ജീവിതം നയിക്കണമെന്ന തീരുമാനം പാര്‍ട്ടി കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്ത ‘മഹാന്‍മാര്‍’ തന്നെ, കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളില്‍ സമ്പന്നര്‍ക്കൊപ്പം യാത്ര ചെയ്ത സംഭവങ്ങള്‍ വരെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചാ വിഷയമാണ്.
ആഢംബര ജീവിതം നയിച്ചതിന് ബംഗാളിലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തെ സസ്‌പെന്റ് ചെയ്ത പാര്‍ട്ടി, കേരളത്തിലെ നേതാക്കളുടെ ആഢംബര ജീവിതത്തെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മിഷനെ വയ്ക്കണമെന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.
എം പിയായിട്ടു പോലം ഋതബ്രത ബാനര്‍ജിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ മാതൃകാപരമായ നടപടി സ്വീകരിച്ച സിപിഎം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റിയും കേന്ദ്ര നേതൃത്ത്വവും പാര്‍ട്ടിയുടെ അന്തസ്സാണ് ഉയര്‍ത്തിപ്പിടിച്ചതെന്നാണ് കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലെ പൊതു വികാരം.