special-beware of deepa Anna DMK consensus discussions progressing ? fight for existance

ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സമവായ ചര്‍ച്ചയ്ക്കു പിന്നില്‍ ആര്‍കെ നഗര്‍?

മാറ്റിവച്ച ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ പുതുക്കിയ തീയ്യതി ഏത് നിമിഷവും പ്രഖ്യാപിക്കുമെന്നിരിക്കെ പരസ്പരം പോരടിച്ചാല്‍ ഈ വിഭാഗവും തകര്‍ന്നടിയുമെന്ന ഭീതിയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.

രണ്ടില ചിഹ്നമില്ലാതെ മുന്നോട്ട് പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന നിലപാട് ഇരു വിഭാഗം അണ്ണാ ഡിഎംകെ നേതാക്കളിലുമുണ്ട്.

ജയലളിതയുടെ സഹോദരി പുത്രി ദീപ ആര്‍കെ നഗര്‍ പ്രചരണ രംഗത്ത് കാഴ്ചവച്ച മുന്നേറ്റവും ഇരു വിഭാഗത്തിന്റെയും ഉറക്കം കെടുത്തിയിരുന്നു.

അണ്ണാ ഡിഎംകെ വോട്ടുകള്‍ ചിന്നഭിന്നമാകുന്നത് ആത്യന്തികമായി നേട്ടമുണ്ടാക്കുക ഡിഎംകെക്കാണെന്ന തിരിച്ചറിവും മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ട്.

ആര്‍കെ നഗറില്‍ മത്സരിക്കുന്ന ദിനകരന്‍ പിന്‍മാറി പനീര്‍ശെല്‍വ വിഭാഗത്തിലെ മധുസൂദനനെ പിന്തുണക്കണമെന്ന അഭിപ്രായമാണ് ശശികല വിഭാഗത്തോടൊപ്പമുള്ള മന്ത്രിമാര്‍ക്കടക്കം ഇപ്പോഴുള്ളത്.

ഇരു വിഭാഗവും ഒരുമിച്ച് മുന്നോട്ടു പോകാനും പനീര്‍ശെല്‍വത്തെ പാര്‍ട്ടി നേതൃസ്ഥാനത്ത് കൊണ്ടുവരാനുമാണ് ആലോചന.

പാര്‍ട്ടി ഡപൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരനെ ഒഴിവാക്കി ആ സ്ഥാനത്ത് പനീര്‍ശെല്‍വത്തെ കൊണ്ടുവരാനാണ് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മന്ത്രിമാര്‍ ശ്രമിക്കുന്നതെങ്കിലും പനീര്‍ശെല്‍വ വിഭാഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെ മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

ശശികലയുള്ള പാര്‍ട്ടിയിലേക്ക് തിരിച്ചു പോയാല്‍ അത് പനീര്‍ശെല്‍വ വിഭാഗത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യാനും ജനവികാരം എതിരാകാനും കാരണമാകുമെന്ന് കണ്ടാണ് ഈ നിലപാട്.

ഇതില്‍ പനീര്‍ശെല്‍വ വിഭാഗം ഉറച്ചു നിന്നാല്‍ ഒരു പക്ഷെ ശശികലയെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. ശശികല ജയിലിലായതിനാല്‍ ഈ നീക്കങ്ങള്‍ക്ക് വലിയ തടസ്സങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ലങ്കിലും 40 ഓളം എംഎല്‍എമാര്‍ ഇപ്പോഴും ശശികലയോട് വിധേയരായി നില്‍ക്കുന്നതിനാല്‍ മന്ത്രിസഭ തന്നെ താഴെ പോകുമോ എന്ന ഭീതിയും ഭരണപക്ഷത്തുണ്ട്.

രണ്ടില ചിഹ്നം അനുവദിച്ച് കിട്ടുന്നതിനായി തിരഞ്ഞെട്ടപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ ടി ടി വി ദിനകരനെതിരെ ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച് കേസെടുത്തതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് വേഗത കൈവരാന്‍ കാരണം.

ഈ അവസരം പ്രയോജനപ്പെടുത്തിയുള്ള ലയനമാണ് ഇരുവിഭാഗത്തിന്റെയും ലക്ഷ്യം.

അതേസമയം ശശികലയെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പുറത്താക്കുകയാണെങ്കില്‍ അവരോടൊപ്പമുള്ള എംഎല്‍എമാര്‍ ഡിഎംകെ മുന്നണിക്ക് പിന്തുണ നല്‍കി ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.

അണ്ണാ ഡിഎംകെയിലെ സംഭവ വികാസങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുന്ന ദീപയുടെ ‘എംജിആര്‍ അമ്മ ദീപ പേരാവൈ’ പാര്‍ട്ടി ഇരു അണ്ണാ ഡിഎംകെയും ഒന്നിക്കുന്നത് അവസരവാദ നിലപാടായി ചിത്രീകരിക്കപ്പെടുമെന്നതിനാല്‍ അത് രാഷ്ട്രീയപരമായി ഭാവിയില്‍ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ്.

ഉയര്‍ത്തി കാട്ടാന്‍ ശക്തനായ ഒരു നേതാവ് ഇരു അണ്ണാ ഡിഎംകെ വിഭാഗങ്ങള്‍ക്കും ഇല്ല എന്നതാണ് ദീപയുടെ ആത്മവിശ്വാസം.

ആര്‍കെ നഗറില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പോലും ഡിഎംകെയുടെ പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തിയാല്‍ പോലും ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായി വിലയിരുത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് ദീപ. പുതു തലമുറയുടെ പിന്തുണയും ദീപ പ്രതീക്ഷിക്കുന്നുണ്ട്.

ഇതിനിടെ ശശികല കുടുംബത്തെ അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. ശശികലയെയും ദിനകരനെയും പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കും.

പാര്‍ട്ടിയെ ശശികല കുടുംബത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് മന്ത്രി ജയകുമാര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആഗ്രഹം നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top