വലിയ അഴിമതിക്കാര്‍ ഐ.പി.എസുകാരില്‍, സെന്‍കുമാറിനെ പിന്തുണച്ച് മുന്‍ എസ്.പി

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ താഴെക്കിടയിലുള്ളതിനേക്കള്‍ വലിയ അഴിമതിക്കാര്‍ ഐ.പി.എസുകാര്‍ക്കിടയിലാണ് ഉള്ളതെന്ന മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ നിലപാട് ശരിയാണെന്ന് മുന്‍ എസ്.പി പ്രദീപ് കുമാര്‍.

മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ മേലുദ്യോഗസ്ഥരുടെ നിലപാടുകള്‍ പൊളിച്ചടക്കി കൊണ്ടാണ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സ്വയം വിരമിച്ച പ്രദീപ് കുമാര്‍ ഐ.പി.എസിലെ അഴിമതിക്കാരെ തുറന്ന് കാട്ടുന്നത്.

മുന്‍പ് സിബിഐയിലും വിജിലന്‍സിലും പ്രവര്‍ത്തിച്ച പ്രദീപ് കുമാറാണ് കോളിളക്കം സൃഷ്ടിച്ച മാറാട് കൂട്ടകൊല കേസ് ഗൂഢാലോചന അന്വേഷിച്ചിരുന്നത്.

20668590_493223367710572_1970591387_n

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ:

35 വര്‍ഷം മുന്‍പാണ് ഞാന്‍ പോലിസില്‍ ചേര്‍ന്നത്. തിരുവനന്തപുരത്തെ പോലിസ് ട്രെയിനിംഗ് കൊളേജിലെ അടിസ്ഥാന പരിശീലനത്തിന് ശേഷം പ്രാക്ടിക്കല്‍ ട്രെയിനിങ്ങിനായി പോസ്റ്റിംഗ് കിട്ടിയത് മലപ്പുറം ജില്ലയിലെ തിരൂര്‍ പോലിസ് സ്റ്റേഷനിലായിരുന്നു. രണ്ടോ മുന്നോ മാസത്തെ അവിടത്തെ ജീവിതത്തിനിടയില്‍ ഞാന്‍ പരിചയപ്പെട്ട ഏറ്റവും തികവാര്‍ന്ന പോലിസ് വ്യക്തിത്വം ആയിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ രാജഗോപാലന്റേത്. രാജഗോപാലന്‍ ഡിവൈഎസ്പി ഓഫീസിലെ ‘റൈറ്റര്‍’ ആയിരുന്നു. സാധാരണയായി ഓഫീസ് ജോലി മാത്രം. എന്നാല്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്റെ ഗാംഭീര്യം ആദ്ദേഹത്തിന്റെ യൂണിഫോം ധരിക്കുന്ന രീതിയിലും സഹപ്രവര്‍ത്തകരോടും ജനത്തോടുമുളള പെരുമാറ്റത്തിലും എല്ലാം പ്രകടമായിരുന്നൂ.

കൈക്കൂലി വാങ്ങിക്കാത്ത, ആരോടും ഒരു ഔദാര്യത്തിനും പോകാത്ത ആളെന്നെ പേര് രാജഗോപാല്‍ ആ നാട്ടില്‍ ഉണ്ടാക്കിയിരുന്നു. പോലീസിലെ ഉന്നത ഉദ്യേഗസ്ഥര്‍ക്കും രാജഗോപാലിനോട് തികഞ്ഞ ബഹുമാനമായിരുന്നു. ആരുടെ മുന്നിലും തലകുനിക്കാത്ത മാന്യമായ വ്യക്തിത്വം. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയില്‍, ഒരു പളളിത്തര്‍ക്കത്തിന്റെ പേരില്‍ രണ്ടു വിഭാഗം മുസ്ലിങ്ങള്‍ നിരന്തരമായി സംഘര്‍ഷമുണ്ടായപ്പോള്‍ അവിടുത്തെ സബ്ബ് ഇന്‍സ്‌പെക്ടെറെ സ്ഥലം മാറ്റി. എന്നിട്ട് സ്റ്റേഷന്‍ ചാര്‍ജ് നല്‍കി രാജഗോപാലനെ ഉന്നത ഉദ്യോഗസ്ഥര്‍ അങ്ങോട്ട് അയച്ചു. അത്രയ്ക്കായിരുന്നു അദ്ദേഹത്തിന്റെ കാര്യപ്രാപ്തിയില്‍ സീനിയര്‍ ഓഫീസര്‍മാര്‍ക്കുണ്ടായിരുന്ന വിശ്വാസം. ഒരു പോലീസ് ഓഫീസര്‍ എന്ന നിലയില്‍ എന്നില്‍ എറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ പോലീസുദ്യോഗസ്ഥരില്‍ ഒരാളാണ് രാജഗോപാല്‍.

എന്നെക്കാളും ഒരു പതിനഞ്ചു കൊല്ലമെങ്കിലും മുമ്പ് പോലിസില്‍ ചേര്‍ന്ന ആളാണ് ആദ്ദേഹം. എന്നു വച്ചാല്‍ അമ്പത് കൊല്ലം മുമ്പുളള പോലിസ്. ആ കാലത്തുനിന്ന് പോലീസ് ഇപ്പോള്‍ ഒരുപാട് പുരോഗതി നേടിക്കഴിഞ്ഞു. ഐ.പി.എസുകാര്‍ നേരിട്ട് കേസ്സന്വേഷണത്തിലൊക്കെ ഇടപെടുന്നത് കൊണ്ട് കാര്യങ്ങള്‍ നേരെ നടക്കുന്നു എന്നൊക്കെയുളള മട്ടില്‍ പലരും തട്ടിവിടുമ്പോള്‍ എനിക്ക് പുച്ഛമാണ് തോന്നാറ്. രാജഗോപലനെ പോലെ തലയെടുപ്പിലെങ്കിലും സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിയ ഒരു പാട് ഉദ്യേഗസ്ഥരെ അക്കാലത്ത് തന്നെ എനിക്കറിയാം. ആ പരമ്പര ഇപ്പോഴും തുടരുന്നുമുണ്ട്.

മലപ്പുറം ജില്ലയിലെ പ്രായോഗിക പരിശീലനത്തിന് ശേഷം എനിക്ക് പോസ്റ്റിങ്ങ് കിട്ടിയത് കോഴിക്കോട് സിറ്റിയിലായിരുന്നു. സിറ്റിയിലെ ഏറ്റവും ശക്തനായ ഓഫീസറായി അറിയപ്പെട്ടിരുന്നത് അസി. കമ്മീഷണര്‍ ശ്രീ മാധവനായിരുന്നു. മിന്നല്‍ മാധവന്‍ എന്ന് അറിയപ്പെട്ടിരുന്ന ആരേയും കൂസാത്ത, അഴിമതിയില്ലാത്ത, മേലുദ്യോഗസ്ഥര്‍ പോലും ബഹുമാനത്തോടെ പെരുമാറിയിരുന്ന ആള്‍. കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി. ഗസ്റ്റ് ഹൗസില്‍ കാറില്‍ വന്നിറങ്ങി മുറിയിലേക്ക് പോകുമ്പോള്‍ എത്ര ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അവിടെ ഉണ്ടായാലും എന്താ മാധവന്‍ എന്ന് ചോദിച്ചിട്ട് മാത്രമേ കരുണാകരന്‍ മുന്നോട്ട് നടക്കാറുള്ളൂ. എന്റെ വ്യക്തിത്വരൂപീകരണത്തില്‍ ഏറെ പങ്കു വഹിച്ച മറ്റൊരാള്‍….

മൂന്നു വര്‍ഷം മാത്രമേ എസ്.ഐ എന്ന നിലയില്‍ ഞാന്‍ ലോക്കല്‍ പോലീസില്‍ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം ഡല്‍ഹിയില്‍ അഞ്ചോ ആറോ മാസം വിവിഐപി സെക്യൂരിറ്റി വിങ്ങില്‍ ഡെപ്യൂട്ടേഷനിലായിരുന്നു. തിരിച്ചു വന്ന് പിറ്റേന്ന് തന്നെ സിബിഐയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയി. ഡല്‍ഹിയില്‍ പോകുന്നതിന് മുന്‍പ് സിബിഐയില്‍ ചേരുന്നതിനെക്കുറിച്ച് പല ഉദ്യോഗസ്ഥരോടും ഞാന്‍ അഭിപ്രായം ചോദിച്ചിരുന്നു. എല്ലാവരും എതിരഭിപ്രായം പറഞ്ഞു. ലോക്കല്‍ പോലീസിലെ അധികാരങ്ങളും പത്രാസുമൊക്കെ വിട്ട് എന്തിനാണ് അലഞ്ഞു തിരിയാന്‍ പോകുന്നതെന്നാണ് മിക്കവാറും എല്ലാവരും ചോദിച്ചത്.

എന്നാല്‍ അന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ശ്രീ അബ്ദുള്‍ ഖാദര്‍ (പിന്‍ക്കാലത്ത് അദ്ദേഹം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി) പറഞ്ഞത് ”നീ പോയ്‌ക്കോ അല്ലെങ്കില്‍ എല്ലാവരും കൂടി നിന്നെ നശിപ്പിക്കുമെന്നാണ്.’ ഡിപ്പാര്‍ട്ട്‌മെന്റില്‍ എനിക്കെതിരെയുള്ള ശത്രുതയാണ് അദ്ദേഹം സൂചിപ്പിച്ചത്. ദീര്‍ഘകാലം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിച്ച അന്നത്തെ ഡിവൈഎസ്പി ശ്രീ പിഎസ്.സി മേനോനോടും ഞാന്‍ അഭിപ്രായമാരാഞ്ഞു. അദ്ദേഹം പറഞ്ഞു, ‘നീ എന്തായാലും പോകണം, അത്തരമൊരു ഏജന്‍സിയിലെ അനുഭവം ഒരു നല്ല പോലിസുദ്യോഗസ്ഥന് അത്യാവശ്യമാണ്.’

അവരുടെ ഉപദേശം ഞാന്‍ സ്വീകരിച്ചു. സിബിഐയുടെ കൊച്ചി യൂണിറ്റിലായിരുന്നു എന്റെ ആദ്യ പോസ്റ്റിംഗ്. ശ്രീ രാധാവിനോദ് രാജു(എന്‍.ഐ.എയുടെ ആദ്യ ഡയറക്ടര്‍) ആണ് യൂണിറ്റ് മേധാവി. എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിയായ അദ്ദേഹം ജമ്മുകശ്മീര്‍ കേഡറില്‍ നിന്നുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് ഡെപ്യൂട്ടേഷനിലാണ് അദ്ദേഹം സിബിഐയിലെത്തിയത്. പോലീസ് ജീവിതത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും എന്നെ ഒരുപാട് സ്വാധീനിച്ചയാളാണ് രാധാവിനോദ് രാജു.

അദ്ദേഹത്തിന്റെ അനുജന്‍ വിപിന്റെ സുഹൃത്ത് കൂടിയായ എന്നോട് ഒരു അനുജനോടെന്ന പോലെയാണ് അദ്ദേഹം പെരുമാറിയത്. ശ്രീരാമകൃഷ്ണ പരമഹംസരുടെ അനുയായിയായ അദ്ദേഹം ഒരു തികഞ്ഞ സ്വാതികനായിരുന്നു. ഒരു പോലീസ് ഓഫിസര്‍ എങ്ങനെയായിരിക്കണം എന്ന് ചോദിച്ചാല്‍ അദ്ദേഹത്തെപ്പോലെയായിരിക്കണം എന്നാണ് ഞാന്‍ പറയുക. ഓഫീസിലെ എല്ലാവരും അദ്ദേഹത്തിന് സഹോദരന്‍മാരായിരുന്നു.

കൊച്ചിയില്‍നിന്ന് പിന്നീട് ഞാന്‍ ബോംബേയിലേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങിച്ചു. ആന്ധ്രാക്കാരന്‍ സുബ്രഹ്മണ്യന്‍ ആയിരുന്നു ബ്രാഞ്ച് എസ്.പി. സത്യസന്ധനും മാന്യനും. വളരെ ലളിത ജീവിതം നയിക്കുന്നയാളുമായിരുന്നു ആ ഐ.പി.എസ് ഓഫീസര്‍. ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വകാര്യമായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അക്കാലത്തെ ബോംബേ സിബിഐ യൂണിറ്റ് അഴിമതി മുക്തമായിരുന്നു എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ സുബ്രഹ്മണ്യന്റെ നേതൃത്വം കാര്യങ്ങള്‍ പരിധി വിടുന്നതിനെ തടഞ്ഞു.

20733104_493223374377238_1654272394_n

അഴിമതിയും അനീതിയുമൊക്കെ ഒരു സ്വാഭാവിക കാര്യമാണെന്നും ഭരിക്കുന്നവനെയും സ്വാധീനമുള്ളവന്റെയും കൂടെ നില്‍ക്കുന്നതാണ് ശരിയെന്നുമുള്ള ഒരു ചിന്താധാര പോലീസില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട് എക്കാലത്തും. പക്ഷേ കാലം കഴിയും തോറും അത് ശക്തിപ്പെടുകയാണെന്ന് തോന്നുന്നു. ഞങ്ങളുടെയൊക്കെ തുടക്കത്തില്‍ ഒരാള്‍ സത്യസന്ധനാണെങ്കില്‍ അയാള്‍ സംരക്ഷിക്കപ്പെട്ടേണ്ടവനാണെന്ന് ഒരു പൊതുധാരണയുണ്ടായിരുന്നു. മേലുദ്യോഗസ്ഥര്‍ പൊതുവെ അങ്ങനെ ചിന്തിക്കും. പക്ഷേ ഇന്ന് കൈക്കൂലി വാങ്ങാത്തവന് വേണമെങ്കില്‍ പൊതുധാരയില്‍നിന്ന് മാറിനില്‍ക്കാം. അല്ലാതെ എതിര്‍ത്ത് നില്‍ക്കാന്‍ പറ്റില്ല.

കടപ്പാട് മാതൃഭൂമി

Top