ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൂപ്പര്‍ താരങ്ങളെ പങ്കെടുപ്പിക്കാനും ‘പദ്ധതി’

തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പില്‍ സിനിമാ മേഖലയിലെ പ്രമുഖരെയും ബിജെപി പ്രചരണത്തിനിറക്കും.

നടന്‍ മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ അടക്കമുള്ളവരെ ഇതിനായി സമീപിക്കാനാണ് നീക്കം.

ശനിയാഴ്ച തലസ്ഥാനത്ത് നടന്ന നേതൃയോഗത്തില്‍ ന്യൂനപക്ഷ – ദളിത് വിഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പേരെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ സാംസ്‌കാരിക-സിനിമാ മേഖലകളിലുള്ളവരുടെയും സഹായം തേടണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.

പൊതു സമൂഹത്തിനിടയില്‍ മികച്ച പ്രതിച്ഛായ സൃഷ്ടിക്കാന്‍ താരസാന്നിധ്യം ഗുണം ചെയ്യുമെന്ന് കണ്ടാണ് ഈ നിര്‍ദ്ദേശം.

ഇതു സംബന്ധമായി നേതാക്കളുമായി നടന്ന അനൗപചാരിക ചര്‍ച്ചയില്‍ മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും പേരുകള്‍ ഉയര്‍ന്നു വന്നതായാണ് സൂചന.

ഇരുവരുമായി വ്യക്തിപരമായി ബന്ധമുള്ള സ്ഥാനാര്‍ത്ഥികള്‍ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിച്ചാല്‍ അവിടെ ഒരു പ്രചരണ യോഗത്തിലെങ്കിലും താരങ്ങളെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ കേരളത്തില്‍ നിന്നുള്ള ദേശീയ സമിതിയംഗം അമിത് ഷായോട് വ്യക്തമാക്കിയിട്ടുണ്ടത്രെ.

അടുത്ത സുഹൃത്തായ കെ ബി ഗണേഷ് കുമാറുമായുള്ള ബന്ധം മുന്‍നിര്‍ത്തി പത്തനാപുരത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ പ്രചരണത്തിനെത്തിയിരുന്നു.

എതിര്‍ സ്ഥാനാര്‍ത്ഥി നടന്‍ ജഗദീഷ് ആയിട്ടും ലാല്‍ ഇടതു സ്ഥാനാര്‍ത്ഥിയായ ഗണേഷ് കുമാറിന്റെ പ്രചരണത്തിന് പോയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നടന്‍ സലിം കുമാറും കോണ്‍ഗ്രസ്സ് നേതാക്കളും ലാലിനെ വിമര്‍ശിച്ച് രംഗത്ത് വന്നെങ്കിലും താന്‍ ചെയ്തത് ശരിയാണെന്ന നിലപാടിലായിരുന്നു ലാല്‍.

ഗണേശ് കുമാറിനെ പോലെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുമായും ലാലിന് അടുത്ത പരിചയമുള്ള സ്ഥിതിക്ക് അത് എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ബിജെപി നേതൃത്വം ഇപ്പോള്‍ ആലോചിക്കുന്നത്.

നോട്ട് അസാധുവാക്കലിനെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയപ്പോള്‍ മോദിയുടെ നടപടിയെ ധീരമായ നടപടിയായി അഭിനന്ദിച്ച് രംഗത്ത് വരാനും ലാല്‍ തയ്യാറായിരുന്നു.

മഞജു വാര്യരാകട്ടെ കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ വേദിയില്‍ നൃത്തം അവതരിപ്പിച്ചും ‘ശ്രദ്ധ’ പിടിച്ചുപറ്റിയിരുന്നു.

ഇവരുള്‍പ്പെടെ സിനിമാ മേഖലയില്‍ പ്രമുഖ താരങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കി സഹകരണം തേടാനാണ് ആലോചന.

വന്‍ നികുതി വെട്ടിപ്പ് നടക്കുന്ന സിനിമാ മേഖലക്ക് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ എന്നും ‘പേടി’ സ്വപ്നമായതിനാല്‍ ‘രണ്ടാമൂഴത്തിലും’ മോദിയെ ഉറപ്പിച്ച ബി.ജെ.പി താരങ്ങളുടെ കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ്.

Top