മറ്റു പാര്‍ട്ടികളിലെ നേതാക്കളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് സംഘപരിവാര്‍ തന്ത്രം . . !

തിരുവനന്തപുരം: തിരൂരില്‍ വനിതാ ലീഗ് അദ്ധ്യക്ഷ ഖമറുന്നീസ അന്‍വറെയും തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ സിപിഎം എംഎല്‍എ പ്രൊഫ. അരുണനെയും സംഘപരിവാര്‍ പരിപാടികളില്‍ പങ്കെടുപ്പിച്ചത് ആസൂത്രിതം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തിലെ സാഹചര്യം ‘പാകപ്പെടുത്തി’യെടുക്കുന്നതിനായി ആര്‍എസ്എസ്- ബിജെപി നേതൃത്വങ്ങള്‍ അണിയറയില്‍ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് ഇപ്പോള്‍ നടക്കുന്ന ‘പരിപാടികള്‍’ എന്നാണ് സൂചന.

നിലവിലെ സംവിധാനം മുന്‍നിര്‍ത്തി മാത്രം കേരളത്തില്‍ മുന്നേറാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ‘ടാര്‍ഗറ്റ്’ ചെയ്യാന്‍ ബിജെപി ദേശീയ നേതൃത്ത്വം തന്നെ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ്സിലെ പ്രമുഖരായ ചില നേതാക്കള്‍ ബിജെപി പാളയത്തിലെത്തുമെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു.

എന്നാല്‍ പ്രചരിക്കപ്പെട്ട പേരുകാര്‍ തന്നെ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വിശദീകരിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായാണെങ്കില്‍ പോലും വിരാമമായിരുന്നു. തുടര്‍ന്നാണ് തന്ത്രം മാറ്റി സംഘപരിവാര്‍ നേതൃത്ത്വം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന ഇമേജ് മാറ്റാന്‍ കൂടി ലക്ഷ്യമിട്ടാണ് ഖമറുന്നിസ അന്‍വറിനെ തിരൂരില്‍ ബിജെപി ഫണ്ട് ശേഖരണ പരിപാടിയുടെ ഉദ്ഘാടകയാക്കിയിരുന്നത്.

ഇതുപോലെ മറ്റു പാര്‍ട്ടികളിലെ നേതാക്കളെയും എംഎല്‍എമാരെയും ബുദ്ധിജീവികളെയുമെല്ലാം സംഘപരിവാര്‍ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുപ്പിച്ച് പൊതുസമൂഹത്തിനിടയില്‍ പുതിയ ഇമേജുണ്ടാക്കാനാണ് ശ്രമം.

സംസ്ഥാന വ്യാപകമായി ഇതിനായി വിവിധങ്ങളായ ‘പദ്ധതി’കളാണ് ആര്‍എസ്എസും ബിജെപിയും തയ്യാറാക്കിയിരിക്കുന്നത്.

സിപിഎം, കോണ്‍ഗ്രസ്സ്, ലീഗ്, കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടികളെ മാത്രമല്ല ചെറിയ പ്രാദേശിക പാര്‍ട്ടികളും മറ്റ് സമുദായങ്ങളിലെ നേതാക്കളും, താരങ്ങളും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം ഈ ലിസ്റ്റിലുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ ബിജെപിക്ക് ‘പുറത്തുള്ള’വരുടെ പങ്കാളിത്തം പരമാവധി ഉറപ്പുവരുത്താനാണ് കേന്ദ്ര നേതൃത്ത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പ്രത്യക്ഷത്തില്‍ ബിജെപി- ആര്‍ എസ് എസ് പരിപാടികളില്‍ പങ്കെടുക്കാന്‍ മിക്കവരും വിമുഖത കാണിക്കുമെന്നതിനാലാണ് തന്ത്രപരമായി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് അതില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഇരിങ്ങാലക്കുടയില്‍ സിപിഎം എം.എല്‍.എ പ്രൊഫ. കെ. യു അരുണനെ ആര്‍എസ്എസ് ‘കളത്തി’ ലിറക്കിയതും ഈ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായിരുന്നു.

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തക വിതരണമാണെന്ന് പറഞ്ഞാണ് എംഎല്‍എയെ ക്ഷണിച്ചിരുന്നത്.

ആര്‍.എസ്.എസ് സേവാപ്രമുഖായിരുന്ന പി.എച്ച് ഷൈനിന്റെ ചരമവാര്‍ഷികമാണ് സന്നദ്ധ സേവന പരിപാടിക്കായി അവിടെ ആര്‍എസ്എസ് തിരഞ്ഞെടുത്തിരുന്നത്.

അതേസമയം ഏറ്റവും ശക്തമായി ആര്‍എസ്എസിനെയും ബിജെപിയെയും എതിര്‍ക്കുന്ന രണ്ട് പാര്‍ട്ടിയിലെ പ്രമുഖരെ കാവി കൊടിക്ക് കീഴില്‍ കുറച്ചു സമയമെങ്കിലും എത്തിക്കാന്‍ കഴിഞ്ഞത് സംഘ പരിവാറിനെ സംബന്ധിച്ച് നേട്ടമായിട്ടുണ്ട്.

ബിജെപിയോടുള്ള ‘അയിത്തം’ എതിരാളികള്‍ക്ക് പോലും പോയതിന്റെ ഉദാഹരണമായാണ് ഈ സംഭവങ്ങളെ കാവിപ്പട ഉപയോഗിക്കുന്നത്. ഇതിനായി സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രചരണം ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്.

ഇതുവഴി കേരളത്തിലെ പൊതു സമൂഹത്തിന്റെയും മറ്റ് പാര്‍ട്ടികളിലെ അണികളുടെയും ‘മൈന്റ് സെറ്റ് ‘ മാറ്റാനാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

സംഘപരിവാര്‍ സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടിയുണ്ടായാല്‍ ഒപ്പം നില്‍ക്കാനും അവര്‍ ആഗ്രഹിച്ചാല്‍ അര്‍ഹമായ പരിഗണനയോടെ സ്വീകരിക്കാനുമാണ് ബിജെപി തീരുമാനം.

വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വറിനെതിരെ മുസ്ലീം ലീഗ് നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് വേണ്ടി ശക്തമായി ബിജെപി നേതൃത്ത്വം രംഗത്ത് വന്നിരുന്നു.

തിരൂരില്‍ ബിജെപിയുടെ ഫണ്ട് ശേഖരണ പരിപാടി ഉദ്ഘാടനം ചെയ്തത് തെറ്റാണെന്ന് പറയാന്‍ ഖമറുന്നീസയും തയ്യാറായിരുന്നില്ലന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടി തന്റെ വിശദീകരണം കേള്‍ക്കാതെ നടപടി സ്വീകരിച്ചതാണ് ഖമറുന്നീസ അന്‍വറെ ചൊടിപ്പിച്ചിരുന്നത്.

ഇതിനു ശേഷം മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി ഖമറുന്നീസയുടെ മകന്‍ രംഗത്ത് വന്നത് ലീഗ് നേതൃത്ത്വത്തെയും ഞെട്ടിച്ചിരുന്നു.

ഇപ്പോള്‍ ഇരിങ്ങാലക്കുടയില്‍ ആര്‍ എസ് എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എ അരുണനാവട്ടെ പാര്‍ട്ടി നടപടി ഏറ്റുവാങ്ങാനുള്ള മാനസികമായ തയ്യാറെടുപ്പിലാണിപ്പോള്‍.

ഇനിയിപ്പോള്‍ മറ്റ് ആരൊക്കെയാണ് ബിജെപി- ആര്‍ എസ് എസ് പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുന്നത് എന്നത് നോക്കി ക്യാമറ കണ്ണുകളും കാവിപ്പടക്ക് പിന്നാലെയാണ്.

Top