ലോക് സഭക്കൊപ്പം കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുക്കാൻ ബി.ജെ.പി

ന്യൂഡല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പിനൊപ്പം കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ‘കള’മൊരുക്കാന്‍ സംഘപരിവാര്‍ നീക്കം.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്ന് ഉറപ്പിക്കുന്ന ബിജെപി നേതൃത്വം ഇടത് സര്‍ക്കാറിന്റെ ഭരണം അവസാനിപ്പിക്കുന്നത് പ്രധാന ‘അജണ്ട’യായി ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

അടുത്തയിടെ നടന്ന 17 കൊലപാതകങ്ങളും ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുമെല്ലാം ലോക് സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ‘രൂക്ഷ’ മാകുന്ന മുറക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് നീക്കം.

സിപിഎം പ്രവര്‍ത്തകരുമായി തെരുവില്‍ ‘പ്രതികരിക്കാന്‍’ സംഘപരിവാര്‍ സംഘടനകള്‍ തയ്യാറായാല്‍ വ്യാപക സംഘര്‍ഷങ്ങള്‍ക്ക് സാധ്യത കൂടുതലാണ് എന്നതിനാല്‍ ബിജെപി-ആര്‍എസ്എസ് നീക്കം സര്‍ക്കാറിന് വലിയ വെല്ലുവിളിയായേക്കും.

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിനെ പിരിച്ച് വിടാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം രാഷ്ട്രപതിയാണ് ഉത്തരവില്‍ ഒപ്പുവയ്‌ക്കേണ്ടത്.

ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ട് യുക്തിസഹമല്ലങ്കില്‍ സുപ്രീം കോടതി ഇടപെട്ട് ഉത്തരവ് സ്റ്റേ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ തന്ത്രപരമായി നീങ്ങാനാണ് സംഘപരിവാര്‍ സംഘടനകളുടെ നീക്കം.

ഇപ്പോള്‍ പരമാവധി സംയമനം പാലിക്കുകയും ‘സാഹചര്യം’ അനുകൂലമാകുന്ന സന്ദര്‍ഭത്തില്‍ ആഞ്ഞടിച്ച് രാഷ്ട്രപതി ഭരണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

ഇതിന് മുന്‍പ് ആര്‍എസ്എസിന് താല്‍പര്യമുള്ള വ്യക്തിയെ സംസ്ഥാന ഗവര്‍ണ്ണറായി കൊണ്ടുവരും.

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ നിലവിലെ ഗവര്‍ണ്ണര്‍ പി.സദാശിവത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ‘പരിമിതി’ യുളളതിനാലാണ് ഇത്തരമൊരു നീക്കം.

രാജ്യത്ത് പ്രതിപക്ഷം ദുര്‍ബലമായ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടുമെന്ന് ഉറപ്പിക്കുന്ന ബിജെപി ഇതോടൊപ്പം കേരളത്തിലും തിരഞ്ഞെടുപ്പ് നടന്നാല്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണ്.

ഇവിടെ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍പ്പോലും ഇടതുപക്ഷം ഭരണത്തില്‍ നിന്നും പുറത്തു പോകണമെന്നതാണ് ആര്‍എസ്എസിന്റെയും നിലപാട്.

രാജ്യത്ത് തന്നെ ആര്‍എസ്എസിന് ഏറ്റവും അധികം ശാഖകളും ബലിദാനികളുമുള്ള സംസ്ഥാനമാണ് എന്നതിനാല്‍ നാഗ്പൂരിലെ സംഘം ആസ്ഥാനത്തിന് കേരളം ഏറെ പ്രിയപ്പെട്ടതാണ്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയും വിശദാംശങ്ങള്‍ ഐബിയും കേന്ദ്ര സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്.

Top