ഗുജറാത്തിലും വിവാദമായി സോളാര്‍ സംഭവം, കോണ്‍ഗ്രസ്സിനെ നിര്‍ത്തിപ്പൊരിച്ച് ബി.ജെ.പി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ചൂടുള്ള ചര്‍ച്ചാവിഷയമായി സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സെക്രട്ടറിയുമടക്കം കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ ലൈംഗിക അഴിമതി വിഷയങ്ങളില്‍ കുരുങ്ങിയത് ബി.ജെ.പിയാണ് പ്രചരണമാക്കുന്നത്.

പ്രചരണ യോഗങ്ങളിലും സോഷ്യല്‍ മീഡിയകളിലും കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ഈ വിഷയം മുന്‍നിര്‍ത്തി ആഞ്ഞടിക്കാന്‍ ദേശീയ നേതൃത്വമാണ് ഗുജറാത്ത് ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയത്.

പ്രചരണം കൊഴുക്കുന്നതോടെ സോളാര്‍ ഗുജറാത്തിലും ‘കത്തുമെന്നാണ് ‘ കാവിപ്പടയുടെ പ്രതീക്ഷ.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ ഒ.രാജഗോപാലിന്റെയും വി.മുരളീധരന്റെയും നേതൃത്വത്തില്‍ പ്രത്യേകസംഘവും പ്രചരണത്തിനെത്തുന്നുണ്ട്.

കാല്‍ നൂറ്റാണ്ടിലേറെയായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദേശീയ പ്രസിഡന്റ് അമിത് ഷായുടെയും നാടായതിനാല്‍ വിജയം ബി.ജെ.പിക്ക് അനിവാര്യമാണ്.

കോണ്‍ഗ്രസ്സ് ഇവിടെ അട്ടിമറി വിജയം നേടിയാല്‍ 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ചേരിക്ക് അത് കരുത്താകുമെന്ന് അറിയാവുന്നതിനാല്‍ മോദിയും അമിത് ഷായും നേരിട്ടാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്.

സര്‍ക്കാറിനെതിരെ പ്രക്ഷോഭം നയിച്ച പട്ടേല്‍ സംവരണ പ്രക്ഷോഭനായകന്‍ ഹര്‍ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, എന്നിവര്‍ കോണ്‍ഗ്രസ്സിനു പിന്തുണ പ്രഖ്യാപിച്ചതാണ് ഗുജറാത്ത് തിരഞ്ഞെടുപ്പു രംഗം വാശിയുള്ളതാക്കി മാറ്റാന്‍ ഇടയാക്കിയത്.

പിന്നാക്ക ഐക്യവേദി നേതാവ് അല്‍പേശ് താക്കൂര്‍ നേരത്തെ തന്നെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പി ഭരണം പിടിക്കുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്.

ഈ സാഹചര്യത്തില്‍ ഗുജറാത്ത് ഭരണം നിലനിര്‍ത്താനായാല്‍ അത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ നേട്ടമാണ്.

മോദിയുടെ രണ്ടാം ഊഴം ഉറപ്പിക്കും ഗുജറാത്ത് ഫലമെന്നാണ് ആര്‍.എസ്.എസ് നേതൃത്വവും കരുതുന്നത്.

അഭിപ്രായ സര്‍വേകളില്‍ ഭൂരിപക്ഷ പേരും ഗുജറാത്തും ഹിമാചലും ബി.ജെ.പി നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്

Top