ന്യൂഡല്‍ഹി: ഗുജറാത്തില്‍ മാത്രമല്ല രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ബി.ജെ.പി ‘ഓപ്പറേഷന്‍’ വരുന്നു. .
ജനസ്വാധീനമുള്ള പ്രതിപക്ഷ നേതാക്കളെ അടര്‍ത്തിമാറ്റി സഹകരിപ്പിക്കുകയാണ് തന്ത്രം. ഇവര്‍ക്ക് പാര്‍ട്ടിയിലും ഭരണത്തിലും അര്‍ഹമായ പരിഗണന നല്‍കും.
കമ്യൂണിസ്റ്റ് നേതാക്കളെ അടര്‍ത്തിമാറ്റുന്നത് ‘ ശ്രമകരമായ’ നടപടിയായതിനാല്‍ സി.പി.എം-സി.പി.ഐ നേതാക്കളെ ഒഴിവാക്കിയാണ് പദ്ധതി.
കോണ്‍ഗ്രസ്സ്, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി, ആര്‍.ജെ.ഡി, ആം ആദ്മി പാര്‍ട്ടി, നേതാക്കളെയും ജനപ്രതിനിധികളെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ‘ഓപ്പറേഷന്‍’ പൂര്‍ത്തികരിക്കാനാണ് തീരുമാനം.
ഓരോ സംസ്ഥാനത്തെയും പര്യടനത്തിനു ശേഷം അമിത് ഷാ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നത്.
ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് വിജയിച്ചെങ്കിലും അവിടെ കോണ്‍ഗ്രസ്സിലുണ്ടായ പിളര്‍പ്പ് നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ഭരണ തുടര്‍ച്ചക്ക് കളമൊരുക്കുമെന്നാണ് പ്രതീക്ഷ.
ഇതോടൊപ്പം തന്നെ എന്‍.ഡി.എ വിപുലീകരിക്കുന്നത് സംബന്ധിച്ചും ബി.ജെ.പി നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞതായാണ് സൂചന.
ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, തമിഴകത്തെ ഇരു അണ്ണാ ഡി.എം.കെ പാര്‍ട്ടികള്‍, എന്‍.സി.പി തുടങ്ങിയവയെയാണ് ബി.ജെ.പി പ്രധാനമായും ലക്ഷ്യമിടുന്നത്.
സീമാഡ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാണെങ്കിലും ഇപ്പോള്‍ അവര്‍ക്ക് വലിയ തോതില്‍ ജനസമ്മതി കുറഞ്ഞതായാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഈ യാഥാര്‍ത്ഥ്യം കൂടി മുന്‍കൂട്ടി കണ്ടാണ് അവിടത്തെ പ്രധാന പ്രതിപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സുമായി അടുക്കാന്‍ ശ്രമിക്കുന്നത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിലും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തിരുന്നത്.
അതേ സമയം തമിഴകത്ത് രജനികാന്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെങ്കില്‍ ആ പാര്‍ട്ടിക്കായിരിക്കും എന്‍.ഡി.എയില്‍ പ്രഥമ പരിഗണന നല്‍കുകയെന്നാണ് സൂചന.
ഇപ്പോള്‍ പുറത്തു വരുന്ന അഭിപ്രായ സര്‍വേകളില്‍ പോലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും അതൊന്നും മുഖവിലക്കെടുക്കാതെ മുന്‍കരുതലെന്ന രൂപത്തിലാണ് ഇപ്പോള്‍ കാവിപ്പടയുടെ തന്ത്രപരമായ കരുനീക്കങ്ങള്‍.
കേരളത്തില്‍ വലിയ അട്ടിമറി പ്രതീക്ഷയൊന്നും വച്ചു പുലര്‍ത്തുന്നില്ലങ്കിലും കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തെ കൂടി ഒപ്പം നിര്‍ത്തിയാല്‍ 3 ലോക്‌സഭാ സീറ്റുകള്‍ പിടിച്ചെടുക്കാം എന്നാണ് ആത്മവിശ്വാസം.
ഇവിടെ ജനസ്വാധീനമുള്ള ഏതാനും കോണ്‍ഗ്രസ്സ് നേതാക്കളെ അടര്‍ത്തിമാറ്റി മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്.
അടുത്ത അഞ്ചോ പത്തോ വര്‍ഷത്തേക്കല്ല കുറഞ്ഞത് 50 വര്‍ഷമെങ്കിലും പാര്‍ട്ടി രാജ്യം ഭരിക്കുമെന്നും ബി.ജെ.പി അധികാരത്തിലിരിക്കുമെന്നും ദേശീയ പ്രസിഡന്റ് അമിത് ഷാ പറഞ്ഞു.
ബി.ജെ.പിയെ ശക്തിപ്പെടുത്താനും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാനും പാര്‍ട്ടി പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിനോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 1,387 എം.എല്‍.എമാരും 330 പാര്‍ലമെന്റംഗങ്ങളും ബി.ജെ.പിക്കൊപ്പമുണ്ടെന്നും പാര്‍ട്ടിക്ക് ഇനിയും മുന്നേറാനുണ്ടെന്നും ഷാ പറഞ്ഞു.
മധ്യപ്രദേശ് ബി.ജെ.പി ക്യാമ്പിലെ അംഗങ്ങളോട് സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബി.ജെ.പി പ്രവര്‍ത്തകരുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്താന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് ഷാ മധ്യപ്രദേശിലെത്തിയത്.
റിപ്പോര്‍ട്ട് : ടി അരുണ്‍കുമാര്‍