ദക്ഷിണേന്ത്യയെ കാവി പുതപ്പിക്കുന്നതിനായി ബി.ജെ.പി . . ജഗനും രജനിയും സഖ്യത്തിൽ ! !

jagan mohan reddy

ന്യൂഡല്‍ഹി: അടുത്ത ലോക് സഭ തിരഞ്ഞെടുപ്പില്‍ മോദിയുടെ രണ്ടാം ഊഴത്തിനായി പദ്ധതികള്‍ തയ്യാറാക്കുന്ന ബി.ജെ.പിക്ക് ദക്ഷിണേന്ത്യയില്‍ പ്രതീക്ഷ വലുത്.

കര്‍ണ്ണാടകത്തില്‍ ഒറ്റക്ക് വലിയ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉണ്ടാക്കാം എന്ന കാര്യത്തില്‍ ബി.ജെ.പി നേതൃത്വം വലിയ ആത്മവിശ്വാസത്തിലാണ്.

പിന്നെ ബി.ജെ.പിയുടെ അടുത്ത പ്രതീക്ഷ ആന്ധ്രപ്രദേശ് ആണ്. തെലങ്കാനയായും സീമന്ധ്രയായും വിഭജിക്കപ്പെട്ട സംസ്ഥാനത്ത് നിലവില്‍ സീമന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുവിന്റെ തെലുങ്കുദേശവുമായി ബി.ജെ.പി സഖ്യത്തിലാണ്.

കേന്ദ്ര ബജറ്റില്‍ ആന്ധ്രപ്രദേശിനെ അവഗണിച്ചുവെന്ന് ആരോപിച്ച് സഖ്യം വിടാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന തെലുങ്കുദേശം പാര്‍ട്ടി തീരുമാനിച്ചിരുന്നുവെങ്കിലും പിന്നിട് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചിരുന്നു.

പ്രാദേശിക വികാരം കത്തിച്ച് നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ പരിഗണന നല്‍കേണ്ടതില്ലന്നതാണ് ബി.ജെ.പിയുടെ പൊതു നിലപാട്.
ആന്ധ്രപ്രദേശ് വിഭജനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കടുത്ത എതിര്‍പ്പാണുള്ളത്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ തെലുങ്കുദേശവുമായി സമവായത്തിലെത്തിയെങ്കിലും വരുന്ന തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബുവുമായുള്ള കൂട്ട് കെട്ട് ഗുണം ചെയ്യില്ലന്നതാണ് മോദിയുടെയും അമിത് ഷായുടെയും വിലയിരുത്തല്‍.

ചന്ദ്രബാബു നായിഡു സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തെലുങ്കുദ്ദേശത്തിന് എതിരായ ജനവികാരം സംസ്ഥാനത്തുണ്ടാക്കിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുള്ളതായും സൂചനകളുണ്ട്.

ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ അടവുനയം തെലുങ്ക് മണ്ണില്‍ മാറ്റി പിടിക്കാന്‍ ബി.ജെ.പി കരുനീക്കം നടത്തുന്നത്.

മുന്‍ ആന്ധ്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി നേതൃത്വം കൊടുക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനെ കൂടെ കൂട്ടാനാണ് നീക്കം.

നിലവില്‍ ഇവിടുത്തെ പ്രതിപക്ഷ നേതാവാണ് ജഗന്‍ മോഹന്‍ റെഡ്ഢി. വലിയ മാധ്യമ ശൃംഘലയുടെ ഉടമ കൂടിയായ ജഗന്‍ മോഹനനെ കൂടെ കൂട്ടിയാല്‍ സീമാന്ധ്രയില്‍ മാത്രമല്ല തെലുങ്കാനയിലും നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്.

ഇവിടെയും ഭരണവിരുദ്ധ വികാരം ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ തെലങ്കാന ഭരിക്കുന്നത് ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആര്‍.എസ് ആണ്.

വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സിനൊപ്പം ബി.ജെ.പി സഖ്യമായി മത്സരിച്ചാല്‍ അത് സീമന്ധ്രയിലും തെലങ്കാനയിലും വലിയ ഗുണം ചെയ്യുമെന്നാണ് ആന്ധ്രയിലെ രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമായി 42 ലോക് സഭാ എം.പിമാരാണ് ഉള്ളത്.

തമിഴകത്താകട്ടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് പുതുതായി രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി തമിഴകം തൂത്ത് വാരുമെന്നും കേന്ദ്രത്തില്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കുമെന്നുമുള്ള കാര്യത്തില്‍ ദേശീയ നേതൃത്വത്തിന് ഒരു സംശയവുമില്ല.

തമിഴകത്ത് നിന്നും 38 ലോക് സഭാ അംഗങ്ങളും കർണ്ണാടകയിൽ നിന്നും 27 ലോക്സഭാ അംഗങ്ങളുമാണുള്ളത്. ഇതിൽ ബഹുഭൂരിപക്ഷവും തൂത്തുവാരുകയാണ് ലക്ഷ്യം.

ഒരു എം.പിയെ മാത്രം തിരഞ്ഞെടുക്കുന്ന പുതുച്ചേരിയില്‍ പ്രതീക്ഷ ഇല്ലങ്കിലും കേരളത്തില്‍ ചുരുങ്ങിയത് രണ്ട് ലോക് സഭാ സീറ്റുകള്‍ ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്.

ഉത്തരേന്ത്യയിലെ കണക്കില്‍ മാത്രം കേന്ദ്ര ഭരണം പിടിക്കാമെന്ന് ആത്മവിശ്വാസത്തില്‍ നില്‍ക്കാതെ ദക്ഷിണേന്ത്യയിലെ ഭൂരിപക്ഷ എം.പിമാരെ മോദിക്ക് അനുകൂലമായി കൈ പൊക്കാന്‍ ലോക്‌സഭയിലെത്തിക്കാനാണ് ബി.ജെ.പി ഇപ്പോള്‍ തന്ത്രങ്ങള്‍ മെനയുന്നത്.

റിപ്പോര്‍ട്ട്: ടി അരുണ്‍ കുമാര്‍

Top