ആലപ്പുഴ: സി പി എം കൗൺസിലറുടെ വാഹനത്തിലെ ലഹരിക്കടത്തിൽ അന്വേഷണം നിർണായക ഘട്ടത്തിൽ. ആലപ്പുഴ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ എ.ഷാനവാസിനെതിരെ സുപ്രധാന തെളിവുകൾ ലഭിച്ചെന്നാണ് വിവരം. ഷാനവാസിനെ ഡിവൈഎസ്പി ഇന്നലെ ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ചോദ്യം ചെയ്യല്ലിൽ ഷാനവാസ് പൂർണമായി നിഷേധിച്ചു.
താൻ സിപിഎമ്മിലെ ജനകീയ നേതാവാണെന്നും കഴിഞ്ഞ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചവരിൽ ഒരാളാണ് താനെന്നും ചോദ്യം ചെയ്യല്ലിൽ പറഞ്ഞ ഷാനവാസ് സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ തനിക്ക് സമൂഹത്തിലെ പലരുമായും ബന്ധപ്പെടേണ്ടി വരുമെന്നും സുഹൃത്തുകളാണ് തൻ്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതെന്നും അതിൽ ഉൾപ്പെട്ട ചിലർക്ക് ലഹരിക്കടത്തുമായി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നുവെന്നും ഷാനവാസ് മൊഴി നൽകിയിട്ടുണ്ട്. ഇപ്പോൾ ലഹരി കടത്തിൽ പിടിക്കപ്പെട്ടവരെല്ലാം നേരത്തേയും സമാന കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും പൊലീസ് ഇവർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ഷാനവാസ് മൊഴി നൽകിയെന്നാണ് വിവരം.