പിണറായിയുടെ അഭിഭാഷകന്‍ കേന്ദ്രത്തിന്റെ അറ്റോര്‍ണി ജനറലായി നിയമിതനായേക്കും ?

ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറലായി (എ.ജി) തുടരാന്‍ താല്‍പര്യമില്ലെന്ന് മുകള്‍ റോഹ്തഗി വ്യക്തമാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തല്‍സ്ഥാനത്തേക്ക് ഹരീഷ് സാല്‍വെയെ പരിഗണിക്കുമെന്ന് സൂചന.

ലാവ് ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകനാണ് ഹരീഷ് സാല്‍വെ.

ഈ കേസിന്റെ വിധി ഉടനെ വരാനിരിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് പുതിയ അറ്റോര്‍ണി ജനറലായി ഹരീഷ് സാല്‍വെയുടെ പേരും സജീവമായിരിക്കുന്നത്.

ലാവ് ലിന്‍ കേസില്‍ സിബിഐക്ക് തിരിച്ചടി നേരിട്ടാലും പിണറായിക്ക് തിരിച്ചടി നേരിട്ടാലും അപ്പീല്‍ സുപ്രീം കോടതിയില്‍ ഉറപ്പാണ്.

ഈ സാഹചര്യത്തില്‍ ഹരീഷ് സാല്‍വെ അറ്റോര്‍ണി ജനറലാവുകയാണെങ്കില്‍ അത് ഏറെ പ്രതിരോധത്തിലാക്കുക കേരളത്തിലെ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തെയായിരിക്കും.

സ്വകാര്യ പ്രാക്ടീസിലേക്ക് മടങ്ങാനാണ് താല്‍പ്പര്യമെന്ന് ചൂണ്ടിക്കാട്ടിയാണ് അറ്റോര്‍ണി ജനറല്‍ റോഹ്തഗി കേന്ദ്രത്തിന് കത്ത് നല്‍കിയിരിക്കുന്നത്.

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഡല്‍ഹിയിലെത്തിയാല്‍ ഉടന്‍ പ്രധാനമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കും.

കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച നിയമനം നീട്ടി നല്‍കിയതാണ് റോഹ്തഗി നിരസിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ വന്‍ വിവാദമായ കുല്‍ ഭൂഷണ്‍ കേസില്‍ പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷക്കെതിരെ രാജ്യാന്തര കോടതിയില്‍ ഹാജരായി അനുകുല വിധി സമ്പാദിച്ചത് ഹരീഷ് സാല്‍വെയായിരുന്നു,

കേന്ദ്ര സര്‍ക്കാറുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്.

ഇറ്റാലിയന്‍ നാവികര്‍ മത്സ്യ തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി ഹാജരായതും ഹരീഷ് സാല്‍വെ തന്നെയാണ്.

കേരള- തമിഴ് നാട് മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേരളത്തിന് വേണ്ടിയും, നീരാ റാഡിയ ടേപ്പ് വിവാദത്തില്‍ രത്തന്‍ ടാറ്റക്ക് വേണ്ടിയും മുന്‍പ് കേസ് വാദിച്ചിട്ടുണ്ട്.

അംബാനി സഹോദരന്‍മാര്‍ തമ്മില്‍ നാച്ചുറല്‍ ഗ്യാസ് ഇടപാടില്‍ നടന്ന തര്‍ക്കത്തില്‍ മുകേഷ് അംബാനിക്കുവേണ്ടി മുംബൈ ഹൈക്കോടതിയില്‍ ഹാജരായതും സുപ്രീം കോടതിയിലെ ഈ സീനിയര്‍ അഭിഭാഷകനാണ്.

Top