special-Can senkumar come back to take revenge, eagerly waiting Kerala

തിരുവനന്തപുരം: സെന്‍കുമാര്‍ കേസിലെ വിധി ഉറ്റുനോക്കി കേരളം..

വാദം രണ്ടു ദിവസം നീട്ടി വയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം തള്ളി സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.

സെന്‍കുമാറില്‍ പൊതുജനത്തിന് അതൃപ്തിയുണ്ടെങ്കില്‍ പൊതുജനത്തിന്റെ അതൃപ്തി രേഖകളില്‍ പരാമര്‍ശിച്ചിട്ടുണ്ടോയെന്ന് സുപ്രീം കോടതി സര്‍ക്കാറിനോട് ചോദിച്ചിരുന്നു.

ഡിജിപി നിയമനത്തില്‍ നടപടിക്രമം പറഞ്ഞാല്‍ ലോക്‌നാഥ് ബെഹ്‌റയേയും മാറ്റേണ്ടിവരും, ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നിരാഹാര സമരത്തെ തുടര്‍ന്ന് ഇപ്പോഴുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റിയോയെന്നും സുപ്രീം കോടതി ചോദിച്ചു,

മഹിജ അഞ്ചു ദിവസം നിരാഹാര സമരത്തിലായിരുന്നുവെന്ന് കോടതി ചൂണ്ടികാട്ടി. ഈ വിമര്‍ശനങ്ങള്‍ സംസ്ഥാന സര്‍ക്കാറിനേയും സിപിഎം നേതൃത്വത്തേയും ഇപ്പോള്‍ ഞെട്ടിച്ചിരിക്കുകയാണ്.

സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടാല്‍ നിലവിലെ പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റക്ക് വിജിലന്‍സ് മേധാവിയാകേണ്ടിവരും.

ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതിനെ തുടന്ന് വിജിലന്‍സ് ഡയറക്ടറുടെ ചുമതല ഇപ്പോള്‍ വഹിച്ചുകൊണ്ടിരിക്കുന്നതും ബഹ്‌റയാണ്.

ജൂണില്‍ സെന്‍കുമാര്‍ വിരമിക്കാനിരിക്കെ അനുകൂല വിധിക്കൊപ്പം കാലാവധിയും സുപ്രീം കോടതി അദ്ദേഹത്തിന് നീട്ടി നല്‍കുകയാണെങ്കില്‍ അത് പിണറായി സര്‍ക്കാറിന് വലിയ വെല്ലുവിളി സൃഷ്ടിക്കും.

ഇപ്പോള്‍ കേരളത്തിലുള്ള വിവാദമായ കേസുകളുടെ ഗതിയെ പോലും അത് ബാധിച്ചേക്കും. പൊലീസില്‍ അടിമുടി അഴിച്ചുപണി നടത്താന്‍ ആലോചിക്കുന്ന സര്‍ക്കാര്‍ സെന്‍കുമാര്‍ കേസിലെ വിധിക്കായാണ് കാത്തു നില്‍ക്കുന്നത്.

ക്രമസമാധാന ചുമതലയില്‍ നിന്ന് മതിയായ കാരണമില്ലാതെ പൊലീസുദ്യോഗസ്ഥരെ മാറ്റരുതെന്ന മുന്‍നിലപാടില്‍ ഉറച്ച് നിന്ന് ശക്തമായ പരാമര്‍ശം കോടതി നടത്തിയാല്‍ പിന്നെ അത് സംസ്ഥാനത്തെ പൊലീസ് സ്ഥലമാറ്റങ്ങളെയും ബാധിക്കും.

സെന്‍കുമാറിനെ മാറ്റിയപ്പോള്‍ ഏറ്റവും ശക്തമായി പ്രതികരിച്ചത് ബിജെപി നേതൃത്വമായതിനാല്‍ അനുകൂല വിധിയുമായി സെന്‍കുമാര്‍ വന്നാല്‍ അത് ബിജെപിക്കായിരിക്കും ഏറെ സഹായകരമാവുക എന്ന ആശങ്കയും സര്‍ക്കാര്‍ തലത്തിലുണ്ട്.

‘അപമാനിച്ച് ‘ഇറക്കിവിട്ടതിനോട് സെന്‍കുമാര്‍ ഏതു രീതിയിലാണ് പ്രതികരിക്കുക എന്നത് രാഷ്ട്രീയ കേരളവും ഉറ്റുനോക്കുകയാണ്.

യുഡിഎഫ് നേത്യത്വവുമായി വളരെ അടുത്ത ബന്ധമുള്ളതിനാല്‍ സെന്‍കുമാര്‍ തിരിച്ചു വരുന്ന സാഹചര്യമുണ്ടായാല്‍ അത് യു ഡി എഫ് ക്യാംപിനും ആത്മവിശ്വാസം നല്‍കും.

കോടതി വിധി എന്തു തന്നെയായാലും അത് രാജ്യത്തെ പൊലീസ് സ്ഥലമാറ്റത്തില്‍ വഴിതിരിവുണ്ടാക്കുമെന്നാണ് നിയമ വിദ്ഗദര്‍ ചൂണ്ടിക്കാട്ടുന്നത്.

മുന്‍പ് സമാനമായ സാഹചര്യത്തില്‍ കോടതിയെ സമീപിച്ച കര്‍ണ്ണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് അനുകൂലമായ വിധിയെ തുടര്‍ന്ന് സ്ഥാനത്ത് തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നു.

പൊലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ മാറ്റുന്നതിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട കേരള സര്‍ക്കാറിന്റെ വാദമാണ് ഇപ്പോള്‍ സുപ്രീം കോടതി തള്ളിയിരിക്കുന്നത്.

പുറ്റിങ്ങല്‍ ജുഡീഷ്യല്‍ കമ്മിഷന്റെ നടപടികളുടെ സ്ഥിതി, സിബിസിഐ ഡി അന്വേഷണ റിപ്പോര്‍ട്ട്, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ സ്ഥിതി തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ് മൂലമായി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിനു പുറമെ ജിഷ കേസ് ഉള്‍പ്പെടെ ഏതൊക്കെ കാര്യങ്ങളെ ആശ്രയിച്ചാണ് മുഖ്യമന്ത്രി തീരുമാനമെടുത്തതെന്ന് വ്യക്തമാക്കുന്ന ഫയലുകളും ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇത് ഹാജരാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടത് നിരാകരിച്ചാണ് ഇപ്പോള്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. ഉടന്‍ തന്നെ സെന്‍കുമാറിന് അനുകൂലമായി ഇടക്കാല ഉത്തരവുണ്ടായാല്‍ കേരളത്തില്‍ ‘പണി’ പാളും.

Top