ഇടത് എംഎൽ.എയെ ‘പുൽകി’ കോൺഗ്രസ്സും, വിവാദ വാട്ടർ തീം പാർക്കിനെതിരെ സമരമില്ല !

തിരുവനന്തപുരം:  പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത വാട്ടര്‍തീം പാര്‍ക്കിനെതിരെ തെളിവുകള്‍ ഓരോന്നായി പുറത്തുവരുമ്പോഴും സമരപ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസ്സ് നേതൃത്വം മാളത്തിലൊളിക്കുന്നു.

എം.എല്‍.എയുടെ പണാധിപത്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും യു.ഡി.എഫ് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതിയും കീഴടങ്ങിയെന്ന വികാരമാണ് പ്രവര്‍ത്തകരില്‍ ഉയരുന്നത്.

കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലിലാണ് നിയമങ്ങളെല്ലാം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയും രണ്ടാം ഭാര്യ പി.വി ഹഫ്‌സത്തും ചേര്‍ന്ന് വാട്ടര്‍തീം പാര്‍ക്ക് പണിതത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നാലു തവണ പിഴ ഈടാക്കി ക്രമവല്‍ക്കരിച്ചു നല്‍കിയത് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തും.

എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ വാര്‍ത്തയായതോടെ കോണ്‍ഗ്രസ്സിന്റെ യുവഎം.എല്‍.എ വി.ടി ബല്‍റാം നിയമസഭയില്‍ അടിയന്തിരപ്രമേയം കൊണ്ടുവരുകയും കെ.പി.സി.സി നേതൃത്വം ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.

നിയമസഭയില്‍ പി.വി അന്‍വര്‍ നല്‍കിയ മറുപടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കൊപ്പം താന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പാര്‍ക്ക് സന്ദര്‍ശിച്ച് നിയമവിരുദ്ധമായാണ് നടക്കുന്നതെന്നു പറഞ്ഞാല്‍ പാര്‍ക്ക് അടച്ചുപൂട്ടാമെന്നും അറിയിച്ചു.

എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നെ ഈകാര്യം മിണ്ടിയിട്ടില്ല. പലതവണ കോഴിക്കോടും മലപ്പുറത്തും വന്നെങ്കിലും പാര്‍ക്ക് സന്ദര്‍ശിക്കാനും മെനക്കെട്ടില്ല.

തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനും ലോകായുക്തക്കും പരാതി നല്‍കിയ ചെന്നിത്തല, അന്‍വറിന്റെ പാര്‍ക്കിന്റെ കാര്യത്തില്‍ മൗനം പാലിച്ചു.

നിലമ്പൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഡി.എഫ്.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും യൂത്ത് കോണ്‍ഗ്രസ്സും യൂത്ത് ലീഗും പാര്‍ക്കിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് സമരം കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വം ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചു.

മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് സമരം ശക്തമാക്കുമെന്നും അറിയിച്ചു. എന്നാല്‍ പിന്നീട് ഒരു സമരവും ഉണ്ടായില്ല. കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ യു.ഡി.എഫ് ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത് പരാതികളെല്ലാം തള്ളിക്കളഞ്ഞ് അന്‍വറിന്റെ പാര്‍ക്കിന് പ്രവര്‍ത്തിക്കാന്‍ തുടര്‍ന്നും അനുമതി നല്‍കുകയായിരുന്നു.

എന്നാല്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ് പാര്‍ക്കിനുള്ള അനുമതി പിന്‍വലിക്കുകയും ആരോഗ്യവകുപ്പ് സാനിറ്ററി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അനുമതി നല്‍കിയിട്ടില്ലെന്നു വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ്സ് നേതൃത്വവും പഞ്ചായത്ത് ഭരണസമിതിയും അനങ്ങാത്തതാണ് കൗതുകം.

ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍പോലും അന്‍വര്‍ നിയമവിരുദ്ധമായി പാര്‍ക്ക് നടത്തുന്നത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ്സ് നേതൃത്വം നിശബ്ദത പാലിക്കുന്നതാണ് ദുരൂഹം.

കെ.പി.സി.സി തീരുമാനത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്സ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിടാത്തതില്‍ കോഴിക്കോട് നടന്ന പൊതുപരിപാടിയില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. എന്നാല്‍ അതിന് ന്യായീകരണവുമായെത്തുകയായിരുന്നു ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ്.

കാട്ടരുവിയില്‍ തടയണകെട്ടി അതിനുമുകളിലൂടെ എം.എല്‍.എ നിര്‍മ്മിച്ച റോപ് വേ പൊളിച്ചുനീക്കാന്‍ സി.പി.എം ഭരിക്കുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും നിയമവിരുദ്ധമാണെന്നു തെളിഞ്ഞിട്ടും പാര്‍ക്കിനെതിരെ ചെറുവിരലനക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് അണികളുടെ പ്രതിഷേധത്തിനിടയാക്കുകയാണ്.

റിപ്പോര്‍ട്ട് : എം വിനോദ്

Top