അഹമ്മദാബാദ്: ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ചും ഒരു വിഭാഗത്തെ അടര്‍ത്തിയിട്ടും മോദിയുടെ ഗുജറാത്തില്‍ നിന്ന് ‘കൈ ഉയര്‍ത്തിയ’ അഹമ്മദ് പട്ടേലിനെ മുന്‍നിര്‍ത്തി ഗുജറാത്ത് പിടിക്കാന്‍ കോണ്‍ഗ്രസ്സ്.
കഴിഞ്ഞ 19 വര്‍ഷമായി ബി.ജെ.പി ഭരണം തുടരുന്ന ഗുജറാത്തില്‍ ഭരണമാറ്റത്തിന് പൊരുതാന്‍ പ്രതിപക്ഷത്തിന് കരുത്തു പകരുന്നതാണ് രാജ്യസഭയിലെ അഹമ്മദ് പട്ടേലിന്റെ മിന്നുന്ന ജയമെന്നാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍.
പ്രതിപക്ഷ കക്ഷികളെ ഒന്നാകെ യോജിപ്പിച്ച് വിശാല മുന്നണിയുണ്ടാക്കി ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം.
പ്രധാനമന്ത്രിയുടെ തട്ടകം പിടിച്ചാല്‍ അത് 2019 ല്‍ നടക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കുതിപ്പിന് കരുത്തേകുമെന്നാണ് പ്രതീക്ഷ.
രാഷ്ട്രീയ ഭിന്നത മറന്ന് പ്രതിപക്ഷത്തിന്റെ പൊതു ഐക്യനിര എന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യത്തോട് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണക്കാനാണ് സാധ്യത.
വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലും മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ പിന്നെ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്ന ബോധ്യം നേതാക്കള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെയുണ്ട്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലന്ന് ഇതിനകം തന്നെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ശുഭസൂചകമാണ്.
കെജ് രിവാള്‍ അടക്കം പങ്കെടുത്ത കൂറ്റന്‍ റാലി നടത്തി ഗുജറാത്തില്‍ ശക്തി തെളിയിച്ച പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി.
ഒറ്റക്ക് ഭരണം പിടിക്കാന്‍ ശേഷിയുണ്ടാകുമ്പോള്‍ മാത്രം മത്സരിക്കാമെന്നതാണ് പാര്‍ട്ടി നിലപാട്.
ദളിത് സമര നായകനായ ജിഗ്‌നേഷ് മേവാനിയും സംവരണം ആവശ്യപ്പെട്ട് സര്‍ക്കാറുമായി ഏറ്റുമുട്ടല്‍ പാതയിലുള്ള പട്ടേല്‍ വിഭാഗവുമായും ധാരണയുണ്ടാക്കാനും കോണ്‍ഗ്രസ്സിന് പദ്ധതിയുണ്ട്.
രാഷ്ട്രീയ ചാണക്യനും സോണിയ ഗാന്ധിയുടെ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെ മുന്‍നിര്‍ത്തി ഗുജറാത്തില്‍ അട്ടിമറി വിജയം നേടാന്‍ കഴിയുമെന്ന് തന്നെയാണ് ആത്മവിശ്വാസം.
മോദിയെ കൈ പിടിച്ചുയര്‍ത്തിയ ഗുജറാത്ത് കൈവിട്ടാല്‍ ബി.ജെ.പിയുടെ അടിവേര് തന്നെ ഇളകുമെന്നാണ് കോണ്‍ഗ്രസ്സിന്റെ കണക്ക് കൂട്ടല്‍.
വില കൊടുത്തും പദവി കാട്ടിയും എം.എല്‍.എമാരെ വിലക്കു വാങ്ങാമെങ്കിലും ജനങ്ങളെ വിലക്കു വാങ്ങാന്‍ പറ്റില്ലന്നാണ് കോണ്‍ഗ്രസ്സ് നേതൃത്യം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.