തിരുവനന്തപുരം: നടന്‍ ദിലീപിനെ ഇടത് ജനപ്രതിനിധികള്‍ പിന്തുണച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ ഭിന്നത.
ഒരു വിഭാഗം നേതാക്കള്‍ നടന്‍മാര്‍ക്കെതിരെ കര്‍ശനമായ നിലപാടെടുക്കുമ്പോള്‍ മറുവിഭാഗം മൗനം തുടരുകയാണ്.
ഇടത് ജനപ്രതിനിധികളാണെങ്കിലും എം.പിയായ ഇന്നസെന്റും എംഎല്‍എയായ മുകേഷും സിപിഎം അംഗങ്ങളല്ല എന്നതിനാല്‍ പാര്‍ട്ടിക്ക് സംഘടനാപരമായി വിശദീകരണം തേടാന്‍ കഴിയില്ല.
ഗണേഷ് കുമാറാകട്ടെ ഇടത് പക്ഷത്തെ പിന്തുണക്കുന്ന ഘടക കക്ഷിയുടെ എംഎല്‍എയുമാണ്.
മൂന്ന് പേരോടും വിശദീകരണം ചോദിക്കാന്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ഇവരുടെ നിലപാടുകളെ തള്ളിപ്പറയുന്ന നിലപാടാണ്
വി എസ്സ് അച്ചുതാനന്ദനും സിപിഎം പി.ബി അംഗം എംഎ ബേബിയും കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും സ്വീകരിച്ചിരിക്കുന്നത്.
പ്രമുഖ പാര്‍ട്ടി നേതാവ് കൂടിയായിരുന്ന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ജോസഫൈനും സമാന നിലപാടിലാണ്. സിപിഎം സഹയാത്രികനായ സംവിധായകന്‍ ആഷിക് അബുവും താരസംഘടനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. മലയാളത്തിലെ സിനിമാ സംഘടനകളില്‍ പേരിന് പോലും ജനാധിപത്യം ഇല്ലെന്നാണ് ആഷിക് അബുവിന്റെ പ്രതികരണം.
എന്നാല്‍ സിപിഎം ഔദ്യോഗികമായി മൂന്ന് ജനപ്രതിനിധികളെയും തള്ളിപ്പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
സിപിഎമ്മുമായി ഏറെ അടുപ്പമുള്ള നടന്‍ മമ്മുട്ടിയുടെയടക്കം നിലപാട് നോക്കാതെ ഔദ്യോഗികമായി താരങ്ങളെ ഒറ്റയടിക്ക് എതിര്‍ക്കാന്‍ സിപിഎമ്മിന് പ്രായോഗികമായി ബുദ്ധിമുട്ടുണ്ട്. ഇതിന് സംഘടനാപരമായി പാര്‍ട്ടിഘടകങ്ങളില്‍ നേതൃത്വത്തിന് മറുപടി പറയേണ്ടി വരും.
മാത്രമല്ല അന്വേഷണ സംഘതലവനെയടക്കം മാറ്റി നിര്‍ത്തി എഡിജിപി സന്ധ്യ നടത്തിയ ചോദ്യം ചെയ്യലിലും നേതൃതലത്തില്‍ ചില സംശയങ്ങള്‍ ഉണ്ട്.
ഏതെങ്കിലും തരത്തില്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് നടിയെ ആക്രമിച്ചതില്‍ പങ്കുണ്ടെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്.
ഇതിന് പക്ഷേ തെളിവുകള്‍ വേണമെന്നും അതില്ലാതെ ആരെയും പ്രതിയാക്കുന്നത് ശരിയല്ലന്നുമാണ് നിര്‍ദേശം.
ഇതിനിടെ ഇടത് ജനപ്രതിനിധികളായ താരങ്ങളുടെ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സ് ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. കൊല്ലത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഗണേഷ് കുമാറിന്റെയും മുകേഷിന്റെയും ഇന്നസെന്റിന്റെയും കോലം കത്തിച്ചു.
കഴിഞ്ഞ ദിവസത്തെ അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നടിക്കൊപ്പം ദിലീപിനെയും പിന്തുണച്ച് താരങ്ങള്‍ രംഗത്ത് വന്നത്
ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും വനിതാ സംഘടനയുടെ പ്രതിനിധികള്‍ പോലും യോഗത്തിനെത്തി അമ്മയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുകേഷ് പറഞ്ഞിരുന്നു.
വനിതാ സംഘടനയുടെ ഭാരവാഹിക്കള്‍ക്കില്ലാത്ത പ്രശ്‌നം മാധ്യമങ്ങള്‍ക്കെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് യോഗത്തില്‍ ആരും പ്രതികരിച്ചിട്ടില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. ദിലീപിനെയും നടിയെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും എന്തു വിലകൊടുത്തും അമ്മ അതിന്റെ അംഗങ്ങളെ രക്ഷിക്കുമെന്ന് ഇന്നസന്റും വ്യക്തമാക്കി. നടന്‍ ദേവനും മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു