ന്യൂഡല്‍ഹി: നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ അഭിപ്രായം തേടി.
ദിലീപിന്റെ അടുത്ത ബന്ധുക്കളാണ് രാജ്യത്തെ ഏറ്റവും പ്രഗല്‍ഭനായ അഭിഭാഷകന്റെ സഹായം തേടിയത്.
ഡല്‍ഹിയിലെ മലയാളി അഭിഭാഷകന്‍ മുഖാന്തരമായിരുന്നു കൂടിക്കാഴ്ചയെന്നാണ് ലഭിക്കുന്ന വിവരം.
വീണ്ടും ഒരിക്കല്‍ കൂടി ഹൈക്കോടതി മുന്‍പാകെ ജാമ്യ ഹര്‍ജി നല്‍കുന്നതിനായി കാത്തിരിക്കുക, അതല്ലെങ്കില്‍ എത്രയും പെട്ടെന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുക.
ഈ രണ്ട് കാര്യങ്ങളാണ് ഇപ്പോള്‍ പരിഗണനയില്‍. രണ്ടില്‍ ഏത് തീരുമാനമെടുത്താലും ഇനി ദിലീപിനു വേണ്ടി സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ തന്നെയായിരിക്കും രംഗത്തിറങ്ങുക.
ഒരിക്കലും ആദ്യഘട്ടത്തില്‍ ജാമ്യം ലഭിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത വകുപ്പുകള്‍ ചുമത്തിയതാണ് ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍ തള്ളി പോവാന്‍ കാരണമെങ്കിലും പ്രതിഭാഗത്തിന്റെ ഭാഗത്ത് ജാഗ്രതാ കുറവുണ്ടായെന്ന അഭിപ്രായവും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡല്‍ഹിയിലെ ഇപ്പോഴത്തെ കരുനീക്കം.
കേരളത്തില്‍ ‘മാധ്യമവിചാരണ’ നടക്കുന്നതിനാല്‍ നിഷ്പക്ഷമായ നീതിനിര്‍വ്വഹണത്തിന് സഹായകരമാവാന്‍ കേസിന്റെ വിചാരണ ഏതെങ്കിലും അയല്‍സംസ്ഥാനത്തേക്ക് മാറ്റിക്കാനും നീക്കമുണ്ട്. ജാമ്യക്കാര്യത്തില്‍ തീരുമാനമായതിന് ശേഷം ഇത് സംബന്ധമായ ഹര്‍ജി നല്‍കാനാണ് ആലോചന.
മറ്റു വിശദാംശങ്ങളൊന്നും തന്നെ ഇപ്പോള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും ദിലീപ് വിഭാഗം തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ്.
റിപ്പോര്‍ട്ട്: ടി അരുണ്‍ കുമാര്‍