തിരുവനന്തപുരം: സംസ്ഥാനത്ത് വിഐപികള്‍ക്ക് മാത്രമായി പ്രത്യേക കൊവിഡ് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പൊതു പരിപാടികളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും ഒഴിവാക്കണം. പൊതുപരിപാടിയില്‍ പോകേണ്ടി വന്നാല്‍ ട്രിപ്പിള്‍ ലയര്‍ മാസ്‌ക് ഉപയോഗിക്കണം. സാനിറ്റയിസര്‍ ഇടക്കിടെ ഉപയോഗിക്കണം.
നേരിട്ട് പങ്കെടുത്തുള്ള യോഗങ്ങള്‍ ഒഴിവാക്കണം. പകരം യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തണം. യോഗം ചേരുകയാണെങ്കില്‍ തുറന്ന ഹാളുകളില്‍ പകുതി ആളുകളെ മാത്രം ഉള്‍പ്പെടുത്തിയാകണം തുടങ്ങിയ മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്. വിഐപികള്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉച്ചത്തില്‍ സംസാരിക്കരുത്. സംസാരിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം, കൃത്യമായി അണു നശീകരണം നടത്തിയ വാഹനം മാത്രം ഉപയോഗിക്കുക, വീട്ടുകാര്‍ പൊതു പരിപാടികളും ചടങ്ങുകളും ഒഴിവാക്കണം.
വീട്ടുകാര്‍ക്ക് രോഗ ലക്ഷണം ഉണ്ടായാല്‍ ഉടന്‍ ആന്റിജന്‍ പരിശോധന നടത്തണം, വീട്ടിലെ ജോലിക്കാര്‍ ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ പാലിക്കണം എന്നും മാര്‍ഗ നിര്‍ദ്ദേശമുണ്ട്.വിഐപികളുടെ സുരക്ഷാ, പേര്‍സണല്‍ സ്റ്റാഫ്, ഡ്രൈവര്‍മാര്‍ക്കും മാര്‍ഗനിര്‍ദേശം ആയി. ജോലി 14 ദിവസം മാത്രമായി ചുരുക്കും. ജോലി ചെയ്യുന്ന കാലയളവില്‍ വീട്ടില്‍ പോകാന്‍ അനുവദിക്കില്ല.