തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഭരണപക്ഷത്തു നിന്നു തന്നെ കടുത്ത നിലപാട് സ്വീകരിച്ച് സി.പി.ഐ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്നു.
സി.പി.ഐ നിലപാട് കടുപ്പിച്ചതുകൊണ്ടാണ് മന്ത്രി തോമസ് ചാണ്ടിക്ക് രാജിവെക്കേണ്ടി വന്നതെന്ന് വിശ്വസിക്കുന്ന യു.ഡി.എഫിലെ പ്രബല വിഭാഗം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തലയുടെ പ്രവര്‍ത്തനം വളരെ മോശമാണെന്ന അഭിപ്രായത്തിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് എതിരെ ആയിരുന്നു ഇതു പോലെ ആരോപണമെങ്കില്‍ പുറത്തിറങ്ങാന്‍ മന്ത്രിക്ക് പറ്റുമായിരുന്നുവോ എന്നതാണ് ഉയരുന്ന ചോദ്യം.
അവസാന നിമിഷം ചാണ്ടിക്കെതിരെ വിരലിലെണ്ണാവുന്ന യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത് പോലും സഹികെട്ട യൂത്ത് നേതാക്കളുടെ താല്‍പ്പര്യപ്രകാരമായിരുന്നുവത്രെ.
തോമസ് ചാണ്ടി വിഷയത്തില്‍ കയേറ്റ സ്ഥലത്ത് സന്ദര്‍ശനം നടത്തി പ്രതികരണമൊക്കെ നടത്തുന്നുണ്ടെങ്കിലും അടുത്ത സുഹൃത്തായ ചാണ്ടിയെ ‘സഹായിക്കുന്ന ‘നിലപാട് തന്നെയാണ് ആത്യന്തികമായി ചെന്നിത്തല സ്വീകരിച്ചതെന്നാണ് ആക്ഷേപം.
സര്‍ക്കാറിനെതിരെ രൂക്ഷമായി സമരം ചെയ്യേണ്ട സമയത്ത് പടയൊരുക്കം ജാഥ നടത്തി ആളാകാന്‍ ശ്രമിച്ചത് അല്‍പ്പത്തരമാണെന്ന് യു.ഡി.എഫ് പ്രവര്‍ത്തകരും രോഷത്തോടെ പ്രതികരിക്കുന്നുണ്ട്.
സോളാറില്‍ യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കി നേതാക്കളെ കരിവാരിതേച്ചവര്‍ക്കെതിരെ കിട്ടിയ ഒന്നാന്തരം ‘ആയുധം’ സി.പി.ഐ ഉപയോഗിക്കുന്നത് കണ്ട് കയ്യടിക്കേണ്ട അവസ്ഥയില്‍ പ്രതിപക്ഷത്തെ ചെന്നിത്തല എത്തിക്കുകയായിരുന്നുവത്രെ.
തോമസ് ചാണ്ടിക്കെതിരെ സെക്രട്ടറിയേറ്റ് വളഞ്ഞ് ബി.ജെ.പി നടത്തിയ സമരത്തെ പോലെ വലിയ ജനപങ്കാളിത്വത്തോടെ ഒരു സമരം നടത്താന്‍ യു.ഡി.എഫിന് കഴിയാതിരുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
അതേസമയം ‘പടയൊരുക്കം’ ജാഥ പ്രവര്‍ത്തകരില്‍ പോലും കാര്യമായ ആവേശമുണ്ടാക്കുന്നില്ലെന്ന വിമര്‍ശനം യു ഡി എഫ് ഘടകകക്ഷികള്‍ക്കിടയില്‍ത്തന്നെ ശക്തമായി ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
ജാഥ തിരഞ്ഞെടുത്ത സമയം ശരിയായില്ലന്ന നിലപാട് ഇപ്പോള്‍ മുസ്ലീം ലീഗ് നേതൃത്വത്തിനു പോലുമുണ്ട്.
പടയൊരുക്കം ജാഥക്ക് ശേഷം യു.ഡി.എഫില്‍ വലിയ ഒരു പൊട്ടിത്തെറിക്ക് തന്നെ സാധ്യതയുണ്ടെന്നാണ് സൂചന.
കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും ചെന്നിത്തലക്കെതിരെ നല്ല കലിപ്പിലാണ്.
പ്രതിപക്ഷ നേതാവ്, യു.ഡി.എഫ് കണ്‍വീനര്‍, കെ.പി.സി.സി പ്രസിഡന്റ് എന്നിവരെ മാറ്റി ശക്തരായ നേതൃത്വത്തെ അവരോധിക്കണമെന്നതാണ് ഗ്രൂപ്പുകള്‍ക്കതീതമായി യുവ നേതാക്കളുടെ ആവശ്യം. ഇക്കാര്യം കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെ അറിയിക്കാനാണ് തീരുമാനം.
സി.പി.ഐയും ബി.ജെ.പിയും പ്രധാന പ്രതിപക്ഷത്തിന്റെ കടമ നിര്‍വ്വഹിക്കാന്‍ ഇങ്ങനെ തുടങ്ങിയാല്‍ ‘പണി പാളുമെന്നാണ് ‘ യൂത്തന്‍മാരുടെ മുന്നറിയിപ്പ്.
കാര്യങ്ങള്‍ എന്തായാലും ഗോളടിച്ചത് ഒടുവില്‍ ആരായാലും തോമസ് ചാണ്ടി വിവാദത്തില്‍ സോളാര്‍ റിപ്പോര്‍ട്ട് മുങ്ങി പോയതില്‍ യു.ഡി.എഫ് നേതൃത്വം ഹാപ്പിയാണ്.