കൊച്ചി: സംസ്ഥാന സര്‍ക്കാറിനെയും സി.പി.എം നേതൃത്വത്തെയും പ്രതിരോധത്തിലാക്കി ബി.ജെ.പിയുടെ തന്ത്രപരമായ നീക്കം.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുള്‍പ്പെടെ നടന്ന ഏഴു ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ ആസ്ഥാനമായ വക്കീല്‍ സ്മാരക ട്രസ്റ്റാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ഹൈക്കോടതി എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങളെന്ന് ചോദിച്ചിരിക്കുകയാണ്.
ഈ മാസം 25ന് മറുപടി സത്യവാങ്മൂലമായി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഇത് സംസ്ഥാന സര്‍ക്കാറിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
കുടുംബ വഴക്കുകള്‍ മൂലമുള്ള കൊലപാതകങ്ങളടക്കം രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ തന്നെ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി പറഞ്ഞത് വരാനിരിക്കുന്ന അപകടം മുന്നില്‍ കണ്ടാണ്.
കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു കഴിഞ്ഞു.
ഇതു സംബന്ധമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ഹൈക്കോടതിക്ക് സര്‍ക്കാര്‍ നല്‍കുന്ന മറുപടിയായിരിക്കും ഇനി നിര്‍ണ്ണായകമാവുക.
30ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സി.പി.എം ആക്രമണത്തിനും അതിന് ‘കുട’ പിടിക്കുന്നത് പിണറായി സര്‍ക്കാറിനുമെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജന രക്ഷായാത്രയുടെ സമാപന ദിവസം തന്നെ കോടതി ഇടപെടല്‍ ഉണ്ടായത് ബി.ജെ.പിയെ സംബന്ധിച്ച് പിടിവള്ളിയായിട്ടുണ്ട്.
ഈ കൊലപാതക കേസുകള്‍ സി.ബി.ഐ അന്വേഷണത്തിന് വിട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെയും സി.പി.എമ്മിനെയും ‘വരച്ച വരയില്‍’ നിര്‍ത്താമെന്നതാണ് കാവി പടയുടെ കണക്കുകൂട്ടല്‍.
2016 ഒക്ടോബര്‍ 12ന് പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനായ രഞ്ജിത്ത് കൊല്ലപ്പെട്ട കേസ്, 2017 ജനുവരി 18ന് ധര്‍മ്മടം അണ്ടലൂരില്‍ ബിജെപി പ്രാദേശിക നേതാവ് സന്തോഷ് കുമാര്‍ കൊല്ലപ്പെട്ട കേസ്, 2016 ജൂലായ് 12ന് ബിഎംഎസ് പ്രാദേശിക നേതാവ് സികെ രാമചന്ദ്രന്‍ കൊല്ലപ്പെട്ട കേസ്, 2017 മേയ് 12ന് പയ്യന്നൂരില്‍ പാലക്കോട് മുട്ടം പാലത്തിനു സമീപം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട കേസ്, 2016 ഡിസംബര്‍ 28 ന് പാലക്കാട് കഞ്ചിക്കോട്ട് വിമലയും രാധാകൃഷ്ണനും കൊല്ലപ്പെട്ട കേസ്, 2017 ഫെബ്രുവരി 18ന് കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ബിജെപി പ്രാദേശിക നേതാവും റിട്ട. എസ്‌ഐയുമായ രവീന്ദ്രന്‍ പിള്ള കൊല ചെയ്യപ്പെട്ട കേസ്, 2017 ജൂലൈ 29ന് തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കൊല്ലപ്പെട്ട കേസ് എന്നിവ സിബിഐ അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തെ മാത്രമല്ല സംസ്ഥാന സര്‍ക്കാറിനെയും ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കം.